തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ ഈ പദ്ധതി വരും ദിവസങ്ങളിൽ യാഥാർത്ഥ്യമാക്കാനാണ് നീക്കം. പദ്ധതി നടപ്പാക്കേണ്ടതിന്റെ മാനദണ്ഡങ്ങളും ധനകാര്യ സെക്രട്ടറി സമർപ്പിച്ച പ്രത്യേക പഠന റിപ്പോർട്ടും ഇന്നത്തെ യോഗം വിശദമായി ചർച്ച ചെയ്യും. ജൂൺ 15 മുതൽ സംസ്ഥാനത്തുടനീളം പദ്ധതി പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിൽ 100 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര പരിമിതപ്പെടുത്തുക. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓർഡിനറി ബസുകളിൽ മാത്രം തുടക്കം കുറിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്. ആദ്യ 100 ദിവസത്തെ യാത്രാ രീതികളും പ്രതികരണങ്ങളും വിലയിരുത്തിയ ശേഷമാകും രണ്ടാം ഘട്ടത്തിൽ മറ്റ് ബസുകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കുന്നത് പരിഗണിക്കുക.
ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിവർഷം 712 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന ഈ ഭീമമായ നഷ്ടം പൂർണ്ണമായും സർക്കാർ തന്നെ ഏറ്റെടുക്കുമെന്ന് വ്യക്തമാച്ചിട്ടുണ്ട്. ഈ തുക കെഎസ്ആർടിസിക്ക് ലഭ്യമാക്കുന്നതിനുള്ള ധനസഹായ പാക്കേജും ഇതിനായുള്ള ബജറ്റ് വിഹിതവും ഇന്നത്തെ മന്ത്രിസഭായോഗം അംഗീകരിക്കുന്നതോടെ സംസ്ഥാനത്തെ വനിതകൾക്ക് ചരിത്രപരമായ യാത്രാ ആനുകൂല്യമാകും സ്വന്തമാകുക.
Today we know the good news that women have been waiting for; Free travel on KSRTC, Cabinet meeting today
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









