ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിൽ നിന്നും തന്നെയൊന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയാണ് അദ്ദേഹം ഈ ആഗ്രഹം അറിയിച്ചിരിക്കുന്നത്. മന്ത്രിയായതിനു ശേഷം സിനിമകൾ ചെയ്യാനാകാത്ത സാഹചര്യമാണുള്ളതെന്നും, സിനിമാ അഭിനയം തുടരാനാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കി. ഈ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് സുരേഷ് ഗോപിയുടെ ഈ പുതിയ നീക്കം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാനമായ ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് ഇനിയും ഒരുപാട് സിനിമകൾ ചെയ്യണമെന്നും വരുമാനം നിലച്ച സാഹചര്യമാണുള്ളതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയിലെ ഏറ്റവും ഇളയ അംഗമായ തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി പകരം സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മുൻപും സുരേഷ് ഗോപി തുറന്നുപറഞ്ഞിട്ടുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വെച്ചുള്ള വലിയൊരു അഴിച്ചുപണിക്കാണ് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്. റെയിൽവേ, ധനം അടക്കം പ്രധാനപ്പെട്ട പത്തോളം വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ട്. പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾ നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മാറ്റുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ജൂൺ 15-ന് ശേഷം നടക്കുന്ന ഈ പുനഃസംഘടനയിൽ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഹർഷ് മൽഹോത്ര എന്നിവർ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
കേരളത്തിൽ നിന്നുള്ള രാജ്യസഭ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യൻ മാറുകയാണെങ്കിൽ പകരം സി. സദാനന്ദൻ മാസ്റ്റർ, അനിൽ ആന്റണി, കെ. സുരേന്ദ്രൻ എന്നിവരിൽ ആർക്കെങ്കിലും മന്ത്രിസഭയിലേക്ക് നറുക്കുവീണേക്കാം. കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന ഒരു പ്രമുഖ നേതാവിന് 2028-ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല നൽകാനാണ് ബിജെപിയുടെ നീക്കം. ഇതിനൊപ്പം കേരളത്തിന്റെ പ്രഭാരി സ്ഥാനത്ത് നിന്ന് പ്രകാശ് ജാവദേക്കർ മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
I don’t want ministerial work, I want to do films! Suresh Gopi wants to be removed from the Union Cabinet
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





