തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അഷ്കറിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ കരിക്കുഴിയിൽ അണപൊട്ടിയ ജനരോഷം. ഞായറാഴ്ച രാവിലെ 11:15 ഓടെ പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കരിക്കുഴിയിലെ വീട്ടിൽ പൊലീസ് സംഘം അഷ്കറുമായി എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. “പുഴുത്ത പട്ടിയെ നോക്കുന്നത് പോലെ മാത്രമേ ഈ കുഞ്ഞിനെ നോക്കൂ” എന്ന രണ്ടാനച്ഛന്റെ ക്രൂരമായ വാക്കുകൾ പോലെയാണ് ഒടുവിൽ ആ പിഞ്ചുകുഞ്ഞിനോട് ഇവർ പെരുമാറിയത്.
പ്രകോപിതരായ നാട്ടുകാർ പ്രതിക്കെതിരെ അസഭ്യവർഷവുമായി പൊട്ടിത്തെറിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ജനക്കൂട്ടത്തിനിടയിൽ നിന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘം വീടിനകത്തും പരിസരത്തും തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി മടങ്ങിയത്. പ്രതിഷേധത്തിനിടെ നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി.
കുഞ്ഞിന്റെ ശരീരത്തിൽ നിരന്തരമായ മർദനമേറ്റതിന്റെയും പീഡനങ്ങളുടെയും ലക്ഷണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആഹാരം കൊടുക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ക്രൂരമായി മർദിച്ചതായും ഇതേത്തുടർന്ന് കുഞ്ഞിന് ബോധക്ഷയമുണ്ടായതായും ചോദ്യം ചെയ്യലിൽ സൂചനയുണ്ട്. സംഭവ ദിവസം ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന വ്യാജേനയാണ് അഷ്കർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ക്രൂരതകൾ പുറത്തുവന്നത്. കേസിലെ മറ്റൊരു പ്രതിയായ കുട്ടിയുടെ അമ്മ അഖിലയെ ഇന്നത്തെ തെളിവെടുപ്പിന് ഒപ്പം എത്തിച്ചിരുന്നില്ല.
നെടുമങ്ങാട്ടെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. കേസിൽ പഴുതുകളില്ലാത്ത കൃത്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വകുപ്പ് തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളിൽ തന്നെയാണ് കുഞ്ഞുങ്ങൾക്ക് നേരെ ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നതെന്നത് ഏറെ ആശങ്കാജനകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Murder of a one and a half year old boy in Nedumangad: Public anger erupts during evidence collection; Locals attempt to attack accused Ashkar
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





