തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞ് ദീർഘനാളായി ക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 51 മുറിവുകളുണ്ടായിരുന്നുവെന്നും ഇവയിൽ പലതും പഴക്കമുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവും തലയ്ക്കേറ്റ ശക്തമായ അടിപോട്ടിലുള്ള പരിക്കുമാണ് മരണത്തിന് കാരണമായത്. കുഞ്ഞിന്റെ എല്ലുകൾക്ക് ഒടിവുണ്ടായിരുന്നതായും കൈകാലുകളിലും മുതുകിലും പൊള്ളലേറ്റ അടയാളങ്ങളും ജനനേന്ദ്രിയത്തിൽ പരിക്കേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ പങ്കാളി അഷ്കർ ഇതിനകം കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അടിയേറ്റയുടൻ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് കുഞ്ഞ് ചോറ് കഴിക്കുന്നതിനിടെ ഛർദ്ദിച്ചു എന്ന് വരുത്തിത്തീർക്കാനാണ് അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിൽ പോയ സമയത്തായിരുന്നു ഈ ക്രൂരത നടന്നത്. പ്രതി അഷ്കർ ദീർഘനാളായി കുഞ്ഞിനെ മർദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ദാരുണമായ ഈ കൊലപാതകത്തിൽ അമ്മ അഖിലയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ അഷ്കർ മുൻപും കുഞ്ഞിനെ മർദ്ദിച്ചിരുന്നതായി അഖില പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അഖിലയുടെ ആദ്യ ഭർത്താവ് അഖിൽ രണ്ട് വർഷം മുൻപാണ് മരണപ്പെടുന്നത്. അന്ന് അഖില ഗർഭിണിയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം ഭർതൃവീട്ടുകാരുമായി അകന്ന അഖില പിന്നീട് മാറി താമസിക്കുകയും ഇതിനിടെ അഷ്കറിനെ പരിചയപ്പെട്ട് ഒന്നിച്ച് താമസം തുടങ്ങുകയുമായിരുന്നു. തുടർന്ന് ആറ് മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ സ്വന്തം അമ്മയായ റീനയെ ഏൽപ്പിച്ചെങ്കിലും കുടുംബവഴക്കിനെ തുടർന്ന് നെടുമങ്ങാട് പൊലീസിന്റെ ഇടപെടലിലൂടെ കുഞ്ഞിനെ വീണ്ടും അഖിലയ്ക്ക് തന്നെ കൈമാറുകയായിരുന്നു.
കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്ന വിവരം മുൻപും പുറത്തുവന്നിരുന്നെങ്കിലും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്. രണ്ടാഴ്ച മുൻപ് മർദ്ദനമേറ്റ് കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞ വിവരം അറിഞ്ഞ് അഖിലിന്റെ പിതാവ് സുനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. കുഞ്ഞിനെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് അഖിലിന്റെ കുടുംബം ആവശ്യപ്പെടുകയും, പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന സമവായ ചർച്ചയിൽ കുഞ്ഞിനെ വിട്ടുനൽകാൻ ധാരണയാവുകയും ചെയ്തിരുന്നു. എന്നാൽ ഈ കൈമാറ്റം നടക്കുന്നതിന് തൊട്ടുമുൻപാണ് അഷ്കറിന്റെ ക്രൂരതയിൽ ആ പിഞ്ചുകുഞ്ഞിന് ജീവൻ നഷ്ടമായത്.
‘Bone fractures, 51 wounds on body’; Postmortem report says that Nedumangad baby Arshid faced extreme cruelty
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





