കേരളത്തിൽ ഭരണം മാറിയതിന് ശേഷമുള്ള വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ ഒമ്പത് മണിക്ക് ഗവർണർ രാഷട്രപതി ഭവനിലെ നിർദ്ദേശാനുസരണം സഭയെ അഭിസംബോധന ചെയ്യുന്നതോടെ പുതിയ യുഡിഎഫ് സർക്കാരിന്റെ ഔദ്യോഗിക വികസന നയരേഖയ്ക്ക് തുടക്കമാകും.
മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കും. തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച ജനപ്രിയ ഗ്യാരന്റികളിൽ ഊന്നിയുള്ള പ്രഖ്യാപനങ്ങളാണ് സഭ ഉറ്റുനോക്കുന്നത്.
മുഖ്യമായ ഇന്ദിരാ ഗ്യാരന്റികളിലൊന്നായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന് നയപ്രഖ്യാപനത്തിൽ അന്തിമ രൂപരേഖയുണ്ടാകും. കൂടാതെ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുന്ന പ്രഖ്യാപനവും, പുതുതായി രൂപീകരിച്ച വയോജന വകുപ്പിന്റെ പ്രവർത്തനങ്ങളും പ്രസംഗത്തിൽ ഇടംപിടിക്കും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാധാരണക്കാർക്ക് പരമാവധി ആശ്വാസം നൽകുന്ന ക്ഷേമപദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്.
വിവാദമായ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി യുഡിഎഫ് സർക്കാർ കൊണ്ടുവരുന്ന പുതിയ ബദൽ യാത്രാ സംവിധാനം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കേരളം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കൽ, ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കൽ എന്നിവയും നയപ്രഖ്യാപനത്തിൽ മുഖ്യവിഷയങ്ങളാകും. ഇതോടൊപ്പം കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചുള്ള സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളും ഇന്നത്തെ പ്രസംഗത്തിൽ വ്യക്തമാക്കുമെന്നാണ് വിവരം.
Free travel for women, Rs 3000 pension, alternative to Silver Line; Satheesan government’s policy announcement in the Assembly today
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





