തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ ടി. വീണ ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ (CMRL) നിന്ന് 2 കോടി 78 ലക്ഷം രൂപ കൈപ്പറ്റിയതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) അന്വേഷണ റിപ്പോർട്ട്. പൂർണ്ണമായും നഷ്ടത്തിലായിരുന്ന വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’ കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ് സിഎംആർഎൽ മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് 3 ലക്ഷം രൂപയും വീതം പ്രതിവർഷം 96 ലക്ഷം രൂപയാണ് കരിമണൽ കമ്പനി നൽകിയിരുന്നത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയുള്ള കാലയളവിലാണ് ഈ തുക കൈമാറിയത്. 2019-ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് ശേഷവും കരിമണൽ കമ്പനിയിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണമൊഴുക്ക് തുടർന്നതായാണ് കണ്ടെത്തൽ.
സിഎംആർഎല്ലിന് യഥാർത്ഥത്തിൽ ഐടി സേവനങ്ങൾ നൽകിയിരുന്ന ‘എറ്റിഎൻഎ ടെക്നോളജീസ്’ എന്ന കമ്പനിക്ക് ലഭിച്ചതിനേക്കാൾ 75 മടങ്ങ് അധികം തുകയാണ് ഒരു സേവനവും നൽകാതെ വീണ കൈപ്പറ്റിയത്. എക്സാലോജിക്കിലെ ഐടി ഡെവലപ്പർമാർക്ക് പോലും കരിമണൽ കമ്പനിക്ക് എന്തെങ്കിലും തരത്തിലുള്ള ഐടി സേവനം നൽകിയതായി അറിവില്ല. എസ്എഫ്ഐഒക്ക് മുമ്പാകെ ഹാജരായ വീണയ്ക്ക് സിഎംആർഎല്ലിന് ഐടി സേവനങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട ഒരു രേഖ പോലും ഹാജരാക്കാൻ സാധിച്ചിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ധാരണയിലെത്തിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനും കൃത്യമായ തെളിവുകളില്ല. പണമിടപാടുകൾക്ക് വേണ്ടിയല്ലാതെ ഇരു കമ്പനികൾക്കുമിടയിൽ ഒരൊറ്റ ഇമെയിൽ സന്ദേശം പോലും കൈമാറിയിട്ടില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഇവയ്ക്ക് പുറമേ, 2015-ലും 2016-ലുമായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള ‘എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്’ എന്ന കമ്പനി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. എന്നാൽ ഇതിൽ 4 ലക്ഷം രൂപ മാത്രമാണ് വീണ തിരികെ അടച്ചത്. ഈ കണ്ടെത്തലുകളുടെയെല്ലാം അടിസ്ഥാനത്തിൽ എസ്എഫ്ഐഒ ചുമത്തിയിട്ടുള്ള കമ്പനികാര്യചട്ടം 447-ാം വകുപ്പാണ് (തട്ടിപ്പ് തടയൽ വകുപ്പ്) നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഈ കേസിലേക്ക് എത്തിച്ചിരിക്കുന്നത്. കേസിൽ യാതൊരുവിധ തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, കൃത്യമായ സേവനത്തിനാണ് വീണ പണം കൈപ്പറ്റിയതെന്ന മുൻ നിലപാടിൽ തന്നെയാണ് സിപിഎം ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
T. Veena received 2.78 crores; Exalogic operated at complete loss, says SFIO report
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









