മസ്കറ്റ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന മുൻകരുതൽ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA). ഒമാനിലെ മെഡിക്കൽ റെസ്പോൺസ് വിഭാഗവുമായി സഹകരിച്ചാണ് പുതിയ മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനായി ഒമാനിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരും കർശനമായ ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. എബോള ബാധിത മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗബാധിത രാജ്യങ്ങളിൽ നിന്ന് ഒമാനിൽ എത്തുന്ന യാത്രക്കാർ യാത്ര കഴിഞ്ഞ തീയതി മുതൽ 21 ദിവസം നിർബന്ധമായും ആരോഗ്യനില സ്വയം നിരീക്ഷിക്കണമെന്നാണ് പ്രധാന നിർദ്ദേശം. ഈ കാലയളവിൽ പനി, കടുത്ത തലവേദന, ഛർദ്ദി, വയറിളക്കം, അസാധാരണമായ രക്തസ്രാവം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും തങ്ങളുടെ യാത്രാ വിവരങ്ങൾ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വേണം. മെഡിക്കൽ പരിശോധനകൾ പൂർത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. കൂടാതെ, ബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ വന്യമൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും കൃത്യമായി പാകം ചെയ്യാത്ത മാംസം കഴിക്കരുതെന്നും സിഎഎ മുന്നറിയിപ്പ് നൽകുന്നു.
എബോള വായുവിലൂടെ പകരുന്ന രോഗമല്ലെന്നും രോഗബാധിതരുടെ ശരീര ദ്രാവകങ്ങൾ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമാണ് പകരുകയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC) ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 900-ലധികം സംശയാസ്പദമായ എബോള കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’ (Bundibugyo) വകഭേദമാണ് ഇപ്പോൾ പടരുന്നത്. നിലവിൽ ഇതിനെതിരെ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ പരിശോധന കർശനമാക്കാൻ ലോകാരോഗ്യ സംഘടനയും നിർദ്ദേശിച്ചിട്ടുണ്ട്.
Ebola scare: Oman issues strict alert to passengers and airlines; 21-day quarantine mandatory
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









