കൊച്ചി: ആക്ഷൻ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആൻ്റണി വർഗീസ് പെപ്പെ ചിത്രം ‘കാട്ടാളൻ’ മെയ് 28-ന് പെരുന്നാൾ ദിനത്തിൽ തിയേറ്ററുകളിലെത്തും. റിലീസിന് അഞ്ച് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ വലിയ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ ഐഎംഡിബി (IMDb) പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ‘കാട്ടാളൻ’, നവാഗതനായ പോൾ ജോർജ്ജ് ആണ് സംവിധാനം ചെയ്യുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘മാർക്കോ’യ്ക്ക് ശേഷം ആൻ്റണി വർഗീസ് നായകനാകുന്ന ചിത്രം ഷരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്.
ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വന്യമായ പ്രതികാരത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് ചിത്രം. ചോരക്കളിയും ഇതുവരെ കാണാത്ത ആക്ഷൻ വെടിക്കെട്ടുകളുമായി എത്തുന്ന ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത, ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് (VFX) സഹായത്തോടെയല്ല ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ്. തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്കായി ‘ബാഹുബലി-2’, ‘ജവാൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ലോകപ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ബിഗ് ബി, ചാർലി തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് ഉണ്ണി ആറാണ് സിനിമയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.
വൻ സാങ്കേതിക മികവോടെയും ബഡ്ജറ്റോടെയും എത്തുന്ന ചിത്രത്തിനായി ‘കെജിഎഫ്’ ഫെയിം രവി ബസ്രൂറാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ‘മാർക്കോ’യ്ക്ക് ശേഷം രവി ബസ്രൂർ വീണ്ടും മലയാളത്തിൽ ഒന്നിക്കുന്ന ചിത്രത്തിൽ പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും സംഗീതമൊരുക്കുന്നുണ്ട്. സിനിമയുടെ വൻ ഹൈപ്പ് കണക്കിലെടുത്ത് ‘കെ.ജി.എഫ്’, ‘കാന്താര’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് റെക്കോർഡ് തുകയ്ക്ക് ചിത്രത്തിന്‍റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയത്. പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിംസാണ് ഓവർസീസ് വിതരണാവകാശം കൈക്കലാക്കിയിരിക്കുന്നത്. ടി സീരീസ് മ്യൂസിക് റൈറ്റ്സും ഷിമാരൂ ഡിജിറ്റൽ-സാറ്റലൈറ്റ് പാർട്നർഷിപ്പും സ്വന്തമാക്കി.
മലയാളത്തിൽ നിന്നും മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്നുമുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ്, ദുഷാര വിജയൻ എന്നിവർക്കൊപ്പം ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. ഇതിനുപുറമേ റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തീവാരി, ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ, കോൾ മീ വെനം തുടങ്ങിയ സോഷ്യൽ മീഡിയ ട്രെൻഡിംഗ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. റെണദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദാണ്. മെയ് 28-ന് വേൾഡ് വൈഡ് റിലീസായി എത്തുന്ന ചിത്രം മലയാളത്തിലെ മികച്ചൊരു ദൃശ്യവിസ്മയമാകുമെന്നാണ് അണിയറപ്രവർത്തകരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.
Pepe ignites action fireworks on Eid; ‘Kaatalan’ sees huge jump in advance bookings, 5 days left for release!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









