വിന്നിപെഗ്: വിന്നിപെഗ് പോലീസ് സർവീസിന്റെ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് സിഖ് മതചിഹ്നമായ ‘കിർപാൻ’ ധരിക്കാൻ അനുമതി നൽകിക്കൊണ്ട് പുതിയ നയം രൂപീകരിക്കുന്നു. കഴിഞ്ഞ ഏപ്രിൽ അവസാനം ജസ്പാൽ സിംഗ് ഗിൽ എന്ന സിഖ് യുവാവിന് കിർപാൻ മാറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന് പരീക്ഷാ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ഉയർന്ന നിയമപരമായ നടപടികളെയും മനുഷ്യാവകാശ ചർച്ചകളെയും തുടർന്നാണ് വിന്നിപെഗ് പോലീസ് സർവീസ് തങ്ങളുടെ നിലപാട് തിരുത്താനും പുതിയ നയം കൊണ്ടുവരാനും തീരുമാനിച്ചതായി വ്യക്തമാക്കിയത്.
സിഖ് മതവിശ്വാസികൾ നിർബന്ധമായും ധരിക്കേണ്ട അഞ്ച് ചിഹ്നങ്ങളിൽ ഒന്നായ കിർപാൻ ഒരു ആയുധമല്ലെന്നും ഭരണഘടനാ പരിരക്ഷയുള്ള മതചിഹ്നമാണെന്നും ചൂണ്ടിക്കാട്ടി വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ (WSO) പോലീസിന് നോട്ടീസ് അയച്ചിരുന്നു. കിർപാൻ മാറ്റിവെക്കാൻ ആവശ്യപ്പെടുന്നത് കാനഡയിലെ മനുഷ്യാവകാശ നിയമങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ഉൾപ്പെടെ രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളിൽ കിർപാൻ ധരിച്ചുകൊണ്ട് സിഖ് ഉദ്യോഗാർത്ഥികൾ ജോലി ചെയ്യുന്നുണ്ടെന്ന കാര്യവും സംഘടന ചൂണ്ടിക്കാണിച്ചു.
മുമ്പ് പരീക്ഷാ സമയത്ത് കിർപാൻ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം ഉദ്യോഗാർത്ഥികൾക്ക് നൽകാറുണ്ടായിരുന്നുവെന്നാണ് പോലീസ് വകുപ്പ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇത് യഥാർത്ഥ മതസ്വാതന്ത്ര്യം ഉറപ്പാക്കൽ അല്ലെന്ന നിലപാടിൽ ഉദ്യോഗാർത്ഥിയും സിഖ് സംഘടനയും ഉറച്ചുനിന്നു. തുടർന്ന്, സുപ്രീം കോടതിയുടെ മുൻകാല വിധികൾ കൂടി കണക്കിലെടുത്താണ് വിന്നിപെഗ് പോലീസ് വെള്ളിയാഴ്ച തങ്ങളുടെ നയമാറ്റം പ്രഖ്യാപിച്ചത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്ത ജസ്പാൽ സിംഗ് ഗിൽ, പുതിയ നയം ഭാവിയിൽ മറ്റ് സിഖ് ഉദ്യോഗാർത്ഥികൾക്കും വലിയ ആശ്വാസമാകുമെന്ന് അറിയിച്ചു. പുതിയ നയം എന്നാണ് നിലവിൽ വരിക എന്ന തിയതി പോലീസ് പുറത്തുവിട്ടിട്ടില്ല.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
New policy coming to Winnipeg police recruitment: Sikhs allowed to wear 'kirpan'










