വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, ഇറാന്റെ ഭൂപടത്തിന് മുകളിൽ യുഎസ് പതാക പതിപ്പിച്ച ചിത്രം പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് ഔട്ടി’ലൂടെയാണ് ട്രംപ് ഈ ചിത്രം പുറത്തുവിട്ടത്. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, “യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് മിഡിൽ ഈസ്റ്റ്” എന്ന അടിക്കുറിപ്പോടെയുള്ള ഈ പോസ്റ്റ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും കാരണമായിട്ടുണ്ട്.
ചിത്രത്തെക്കുറിച്ച് വൈറ്റ് ഹൗസോ പ്രസിഡന്റോ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല. യുറേനിയം കൈമാറണമെന്ന യുഎസ് ആവശ്യം ഇറാൻ നിരസിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ഇറാനെ സമ്മർദ്ദത്തിലാക്കാനുള്ള അമേരിക്കയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് നയതന്ത്ര വിദഗ്ധർ ഇതിനെ കാണുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയും പശ്ചിമേഷ്യയിലെ സൈനിക പിരിമുറുക്കവും വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതിനിടെ, മേഖലയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇറാൻ സന്ദർശിച്ച് പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, അവസാന നിമിഷത്തെ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾ നടത്താനുള്ള സാധ്യതകൾ ട്രംപ് ഗൗരവമായി പരിഗണിക്കുന്നതായി അമേരിക്കൻ മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യത്തിൽ യുഎസ് ഭരണകൂടത്തിന്റെ അടുത്ത നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
"United States of the Middle East"; Trump's social media post with US flag on map of Iran










