ഓട്ടിസം ബോധവൽക്കരണത്തിനായുള്ള ആഗോള ദിനാചരണം
ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കുന്നു. 2007-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ തീരുമാനിച്ച ഈ ദിനം, ഓട്ടിസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഈ അവസ്ഥയുള്ള വ്യക്തികളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിനുമുള്ള ആഗോള സംരംഭമാണ്. “ഓട്ടിസം” എന്ന പദം ആദ്യമായി 1911-ൽ മനഃശാസ്ത്രജ്ഞനായ യൂജിൻ ബ്ലൂയ്ലറാണ് ഉപയോഗിച്ചത്. പിന്നീട് 1943-ൽ ഡോ. ലിയോ കാനർ ഇതിനെ ഒരു വ്യത്യസ്ത സാമൂഹികവും വൈകാരികവുമായ അവസ്ഥയായി നിർവചിച്ചു.
ഈ വർഷത്തെ പ്രമേയം “ന്യൂറോഡൈവേഴ്സിറ്റിയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും (SDGs) എന്നതാണ്. ഓട്ടിസം ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. സാമൂഹിക ഇടപെടലുകളെയും ആശയവിനിമയത്തെയും സ്വാധീനിക്കുന്ന വികസന വൈകല്യമാണിത്. ചില വ്യക്തികൾക്ക് സ്വതന്ത്ര ജീവിതം നയിക്കാൻ സാധിക്കുമ്പോൾ മറ്റുള്ളവർക്ക് തുടർച്ചയായ പിന്തുണ ആവശ്യമാണ്. ആശയവിനിമയശേഷി കുറവ്, സമൂഹവുമായുള്ള ഇടപെടലുകളിൽ വിമുഖത, ഭാഷാവൈകല്യം, ആവർത്തിച്ചുള്ള പെരുമാറ്റം എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
ഓട്ടിസത്തിന്റെ കാരണങ്ങൾ ഇതുവരെ ആധികാരികമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഗവേഷണങ്ങൾ ജനിതക ബന്ധങ്ങളെ സൂചിപ്പിക്കുന്നു. റെറ്റ് സിൻഡ്രോം, ഫ്രാജൈൽ എക്സ് സിൻഡ്രോം എന്നിവ ഓട്ടിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗർഭകാലത്തെ ചില മരുന്നുകൾ, വൈറൽ അണുബാധകൾ, ഗർഭധാരണ സങ്കീർണതകൾ എന്നിവയും സാധ്യമായ ഘടകങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്, സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനം നൽകുകയാണ് ഓട്ടിസത്തിന്റെ പ്രധാന ചികിത്സ എന്നതാണ്. ഗവേഷണം, വിദ്യാഭ്യാസം, ഉൾക്കൊള്ളൽ എന്നിവയിലുള്ള ശ്രമങ്ങൾ തുടരുമ്പോൾ, ഓട്ടിസം ഉള്ള വ്യക്തികളുടെ സവിശേഷമായ കഴിവുകളും സംഭാവനകളും ആഘോഷിക്കേണ്ടതുണ്ട്.



