ഒട്ടാവ: കാനഡയിൽ സർവീസ് നടത്തുന്ന ആഗോള ഒടിടി, ഡിജിറ്റൽ സ്ട്രീമിങ് ഭീമന്മാർക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന പുതിയ നിയമപരിഷ്കാരവുമായി രാജ്യം. നെറ്റ്‌ഫ്ലിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയ മുൻനിര കമ്പനികൾ കാനഡയിൽ നിന്ന് നേടുന്ന വരുമാനത്തിന്റെ 15 ശതമാനം ഇനി മുതൽ അവിടുത്തെ പ്രാദേശിക സപ്രേക്ഷണ വികസന ഫണ്ടിലേക്ക് നിർബന്ധമായും നൽകണം. കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (സിആർടിസി) വ്യാഴാഴ്ചയാണ് ഡിജിറ്റൽ വിനോദ മേഖലയിൽ വലിയ ചലനമുണ്ടാക്കുന്ന ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
കാനഡയുടെ ‘ഓൺലൈൻ സ്ട്രീമിങ് നിയമ’ത്തെ മുൻനിർത്തി അമേരിക്കൻ ഭരണകൂടം നിരന്തരം വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനിടയിലാണ് കാനഡ നിലപാട് കർശനമാക്കിയത്. നേരത്തെ തങ്ങളുടെ കനേഡിയൻ വരുമാനത്തിന്റെ 5 ശതമാനം മാത്രമായിരുന്നു ഒടിടി കമ്പനികൾ ഇത്തരത്തിൽ നൽകേണ്ടിയിരുന്നത്. ഇതിലാണ് ഇപ്പോൾ മൂന്നിരട്ടി വർദ്ധനവ് വരുത്തിയിരിക്കുന്നത്. അതേസമയം, പരമ്പരാഗത കനേഡിയൻ ടെലിവിഷൻ ചാനലുകൾക്ക് ഈ പരിഷ്കാരം വലിയ ആശ്വാസമാകും.
രാജ്യത്തെ പ്രധാന പരമ്പരാഗത ദൃശ്യമാധ്യമ ശൃംഖലയായ ‘സിടിവി ന്യൂസ്’ ഉൾപ്പെടെയുള്ളവർ നിലവിൽ 30 മുതൽ 45 ശതമാനം വരെയാണ് ഈ ഇനത്തിൽ ഒടുക്കേണ്ടിയിരുന്നത്. പുതിയ ഭേദഗതിയോടെ ഇത് 25 ശതമാനമായി കുറയും. പ്രാദേശിക ചാനലുകളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ബ്രോഡ്കാസ്റ്റിങ് നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് സിആർടിസിയുടെ ഈ അടിയന്തര ഇടപെടൽ. കാനഡയിലെ പ്രാദേശിക കലാകാരന്മാരെയും ഗോത്രവർഗ (ഇൻഡിജനസ്) സമുദായങ്ങളുടെ കലാസൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 200 കോടി ഡോളറിന്റെ (2 Billion) വൻ നിധി സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആഗോള ഒടിടി പ്ലാറ്റ്‌ഫോമുകൾ പ്രാദേശിക വിപണി കൈയടക്കുമ്പോൾ കാനഡയിലെ തനത് സംസ്കാരവും വിനോദ വ്യവസായവും തകർന്നുപോകാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണിത്. ഈ പുതിയ വരുമാന വിഹിത നിയമം പ്രാദേശിക ഉള്ളടക്ക നിർമ്മാതാക്കൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകുമെങ്കിലും, വരും ദിവസങ്ങളിൽ കാനഡയിലെ ഡിജിറ്റൽ സ്ട്രീമിങ് നിരക്കുകൾ വർദ്ധിക്കാൻ ഇത് കാരണമായേക്കുമെന്ന ആശങ്കയും ശക്തമാണ്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളിലേക്ക് ഈ തീരുമാനം വഴിമാറുമോ അതോ മറ്റ് രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുമോ എന്നാണ് ഇനി ഡിജിറ്റൽ ലോകം ഉറ്റുനോക്കുന്നത്.
Canada finally locks down; Netflix and Disney Plus suffer a major setback, must pay 15 percent of revenue
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










