മുസാഫറാബാദ്: ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച മുസാഫറാബാദിലുള്ള തന്റെ ഓഫീസിലിരിക്കെയാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായതെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാകിസ്ഥാനിൽ അധ്യാപകനെന്ന വ്യാജേന ഒളിവിൽ കഴിഞ്ഞിരുന്ന ഹംസ ബുർഹാനെ ഒരു സംഘം ആളുകൾ ഓഫീസിൽ അതിക്രമിച്ചു കയറി വെടിവെക്കുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകൾ ഏറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഹംസ ബുർഹാൻ, 2017-ലാണ് ഭീകരപ്രവർത്തനങ്ങൾക്കായി പാകിസ്ഥാനിലേക്ക് കടന്നത്. തുടർന്ന് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ.യുടെ കടുത്ത സുരക്ഷാ വലയത്തിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുക, പാക് അധീന കശ്മീരിലെ വിവിധ ഭീകര സംഘടനകൾക്ക് പരിശീലനം നൽകി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിക്കുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ചുമതലകൾ. കനത്ത ആയുധധാരികളുടെ കാവലുണ്ടായിരുന്ന ഓഫീസിൽ വെച്ചാണ് ഇപ്പോൾ ഇയാൾ കൊല്ലപ്പെട്ടിരിക്കുന്നത്.
2019 ഫെബ്രുവരി 14-നാണ് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ ആത്മഹത്യാ സ്ഫോടനം നടത്തിയത്. 40 ലധികം ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഈ ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളായിരുന്നു ഹംസ. പുൽവാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലകോട്ടിലെ ഭീകര ക്യാമ്പുകൾ വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു. ഇന്ത്യ തെരയുന്ന പ്രമുഖ ഭീകരർ പാകിസ്ഥാനിൽ വെച്ച് അജ്ഞാതരാൽ കൊല്ലപ്പെടുന്ന സംഭവങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ പുൽവാമ പ്രതിയുടെ വധവും വിലയിരുത്തപ്പെടുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Pulwama terror attack mastermind Hamza Burhan killed; shot dead by unknown assailants










