തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തലസ്ഥാനത്ത് ഔദ്യോഗിക തുടക്കമായി. രാവിലെ 9 മണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് പ്രോടേം സ്പീക്കർ ജി. സുധാകരനാണ് നേതൃത്വം നൽകുന്നത്. സഭയെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ആദരവോടെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രോടേം സ്പീക്കർ ചടങ്ങുകളിലേക്ക് കടന്നത്. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിക്കുന്നത്. പുതിയ സഭയുടെ ആദ്യ ഔദ്യോഗിക നടപടിയെന്ന നിലയിൽ രാഷ്ട്രീയ കേരളം ഏറെ പ്രാധാന്യത്തോടെയാണ് ഈ ചടങ്ങിനെ വീക്ഷിക്കുന്നത്.

മത്സരിച്ചു വിജയിച്ച ജനപ്രതിനിധികളിൽ ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂറാണ് ആദ്യമായി സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് പാറക്കൽ അബ്ദുല്ല, കെ. എം. അഭിജിത്ത് എന്നിവരും ക്രമമനുസരിച്ച് സത്യവാചകം ചൊല്ലി. വി. ഇ. അബ്ദുൾ ഗഫൂർ, പാറക്കൽ അബ്ദുല്ല, കെ. എം. അഭിജിത്ത്, കെ. കെ. ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവർ ദൈവനാമത്തിലാണ് പ്രതിജ്ഞ എടുത്തത്. അതേസമയം പുനലൂർ എം.എൽ.എ സി. അജയപ്രസാദ്, ഒ. എസ്. അംബിക, ജി. ആർ. അനിൽ, എം. എസ്. അരുൺ കുമാർ, കെ. എൻ. ബാലഗോപാൽ, വി. ടി. ബൽറാം, സി. പി. ജോൺ, വി. ജോയ് എന്നിവർ സഗൗരവ പ്രതിജ്ഞയാണ് എടുത്തത്. പതിനാറാം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതാ അംഗം എന്ന സവിശേഷത ഒ. എസ്. അംബികയ്ക്ക് സ്വന്തമായി.
വ്യത്യസ്തമായ ഭാഷാ പ്രയോഗങ്ങൾ കൊണ്ടും വൈകാരികമായ നിമിഷങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മഞ്ചേശ്വരം എം.എൽ.എ എ. കെ. എം. അഷ്റഫ് കന്നഡ ഭാഷയിലും, കോഴിക്കോട് സൗത്ത് എം.എൽ.എ അഡ്വ. ഫൈസൽ ബാബു ഇംഗ്ലീഷിലുമാണ് സത്യവാചകം ചൊല്ലിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പതിപ്പിച്ച ടി-ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ ചടങ്ങിനെത്തിയത്. സത്യവാചകത്തിന് ഒടുവിൽ ആലുവയിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്താൻ അൻവർ സാദത്ത് പ്രത്യേകം ശ്രദ്ധിച്ചു. കൂടാതെ, തളിപ്പറമ്പിൽ നിന്ന് സിപിഎമ്മുമായി വിയോജിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ടി. കെ. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയന് കൈ നൽകിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭരണപക്ഷത്തുനിന്നും വലിയ കൈയടിയോടെയാണ് സഭ അദ്ദേഹത്തെ വരവേറ്റത്.
16th Kerala Assembly Begins: MLA Oath Ceremonies Start
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla







