ലണ്ടൻ (ഒന്റാറിയോ): തെക്കൻ ഒന്റാറിയോ മേഖലയിലും ലണ്ടനിലും ജനങ്ങളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ടൊർണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പ് പിൻവലിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഇടിമിന്നലോടു കൂടിയ ചുഴലിക്കാറ്റ് മേഖലയിൽ കടന്നുപോയതിനെ തുടർന്നാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചത്. എന്നാൽ കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെസ്റ്റേൺ മിഡ്‌സെക്‌സ് കൗണ്ടിയിൽ രണ്ട് ടൊർണാഡോകൾ വീശിയടിച്ചതായാണ് environmental canada യുടെ പ്രാഥമിക വിലയിരുത്തൽ. മേഖലയിൽ പലയിടത്തും ആകാശത്ത് ദൃശ്യമായ ഭീതിപ്പെടുത്തുന്ന Funnel Clouds ന്റെ ശക്തമായ കാറ്റിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. പലയിടങ്ങളിലും വലിയ വലിപ്പത്തിലുള്ള ആലിപ്പഴ വർഷവും ഉണ്ടായി.
ലണ്ടൻ മേഖലയിൽ നിന്ന് നീങ്ങിയ ശക്തമായ കൊടുങ്കാറ്റ് പിന്നീട് ഓക്‌സ്‌ഫോർഡ്, നോർഫോക്ക്, ബ്രാന്റ് കൗണ്ടികളിലേക്കും വ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഈ മേഖലകളിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരുന്നത്. രാത്രി 7:40 ഓടെയാണ് ലണ്ടൻ ഉൾപ്പെടെയുള്ള തെക്കൻ ഒന്റാറിയോയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ടൊർണാഡോ മുന്നറിയിപ്പുകൾ പൂർണ്ണമായി ഒഴിവാക്കിയത്.
ശക്തമായ കാറ്റിൽ തെക്കൻ ലണ്ടനിൽ വ്യാപകമായ തോതിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകരാറിലായതിനെ തുടർന്ന് വൻതോതിൽ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. കാലാവസ്ഥ ശാന്തമാകുന്നതോടെ നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം വ്യക്തമാകുമെന്നും വരും ദിവസങ്ങളിൽ വിശദമായ പരിശോധനകൾ നടത്തുമെന്നും സിടിവി ലണ്ടൻ കാലാവസ്ഥാ നിരീക്ഷക ജൂലി അച്ചിസൺ വ്യക്തമാക്കി.
മേഖലയിൽ നിലവിലിരുന്ന കടുത്ത ഉഷ്ണതരംഗത്തിന് ചൊവ്വാഴ്ച രാത്രിയോടെ എത്തിയ ശക്തമായ തണുത്ത കാറ്റ് ശമനമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയോടെ ഒന്റാറിയോയിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകും. ചൊവ്വാഴ്ച രാത്രിയോടെ മഴ അവസാനിക്കുമെങ്കിലും നേരിയ തോതിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. രാത്രിയിലെ താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് പ്രവചനം.
ബുധനാഴ്ച പകൽ സമയത്തെ ഏറ്റവും ഉയർന്ന താപനില വെറും 11 ഡിഗ്രി സെൽഷ്യസ് മാത്രമായിരിക്കും. ബുധനാഴ്ച രാത്രിയോടെ തണുപ്പ് വീണ്ടും ശക്തമാകുകയും താപനില 2 ഡിഗ്രി സെൽഷ്യസിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. വരും ദിവസങ്ങളിൽ ലണ്ടൻ മേഖലയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ശനിയാഴ്ചയോടെ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Tornado warning lifted in Ontario as Canada braces for storm
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










