തിരുവനന്തപുരം: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പല കേസുകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ കേരള പോലീസിലെ ‘സിങ്കം’ എന്ന് പേരെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി എ പി ഷൗക്കത്തലി വീണ്ടും വലിയൊരു ദൗത്യത്തിലേക്ക്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ് അന്വേഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തലവനായി എ പി ഷൗക്കത്തലിയെ പുതിയ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിന്റെ ശ്രദ്ധ മുഴുവൻ ഈ മിടുക്കനായ ഉദ്യോഗസ്ഥനിലേക്ക് നീളുകയാണ്.

കേരള പോലീസിലും ദേശീയ അന്വേഷണ ഏജൻസിയിലും (NIA) തിളക്കമാർന്ന റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ് എ പി ഷൗക്കത്തലി. 1995ൽ ഒന്നാം റാങ്കോടെ സബ് ഇൻസ്പെക്ടറായി കരിയർ ആരംഭിച്ച അദ്ദേഹം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ്. എൻഐഎയുടെ ഭീകരവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷലിസ്റ്റായും അദ്ദേഹം അറിയപ്പെടുന്നു.
ചരിത്രം സൃഷ്ടിച്ച മുൻകാല അന്വേഷണങ്ങൾ:
ടി പി ചന്ദ്രശേഖരൻ വധക്കേസ്: തലശ്ശേരി ഡിവൈഎസ്പിയായിരുന്ന സമയത്താണ് ടി പി കേസ് അന്വേഷിച്ച സംഘത്തിൽ ഷൗക്കത്തലി ഇടംപിടിക്കുന്നത്. കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നീ ക്രിമിനലുകളെയും സിപിഎം നേതാവായിരുന്ന പി കെ കുഞ്ഞനന്തനെയും വിജയകരമായി അകത്താക്കിയത് ഇദ്ദേഹമാണ്. അന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി മോഹനനെ നടുറോഡിൽ കാർ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു.
സ്വർണ്ണക്കടത്ത് കേസ് (2020): നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ ചുമതലയേറ്റെടുത്ത് വെറും 24 മണിക്കൂറിനുള്ളിൽ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ദേശീയ-അന്തർദേശീയ കേസുകൾ: കനകമല ഐഎസ്ഐഎസ് കേസ്, തമിഴ്‌നാട്ടിലെ വിവിധ ഭീകരവാദ കേസുകൾ എന്നിവ അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. പാരീസ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഫ്രഞ്ച് അന്വേഷണ ഏജൻസികളുമായി ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്.
വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ്:
നവകേരള യാത്ര ആലപ്പുഴയിലൂടെ കടന്നുപോയപ്പോൾ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാട്ടിയ കെ എസ് യു ജില്ലാ പ്രസിഡന്റും ഇപ്പോഴത്തെ ആലപ്പുഴ എംഎൽഎയുമായ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ എസ് സന്ദീപും ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു. അന്ന് ഈ അക്രമത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടു.
തുടക്കത്തിൽ പോലീസ് കേസെടുക്കാൻ മടിച്ചെങ്കിലും കോടതി ഇടപെടലിലൂടെയാണ് പിന്നീട് കേസെടുത്തത്. എന്നാൽ മുൻ സർക്കാരിന്റെ കാലത്ത് പ്രതികളെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിരുന്നില്ല. “ഞങ്ങളുടെ കുഞ്ഞുങ്ങളെ തല്ലിച്ചതച്ചത് മറന്നിട്ടില്ലെന്നും എല്ലാം ഓർത്തുവയ്ക്കുമെന്നും” മുൻപ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ കേസിൽ പുനരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഒരു ഡിവൈഎസ്പി അടക്കം 5 ഉദ്യോഗസ്ഥരാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിലുള്ളത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന്റെ കർശന നിർദേശം. നിയമത്തിനു മുന്നിൽ ആർക്കും പ്രത്യേക പരിഗണന നൽകാത്ത എ പി ഷൗക്കത്തലി കേസ് ഏറ്റെടുക്കുന്നതോടെ, മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നുറപ്പാണ്.
Government form SIT to Probe assault on Youth Congress workers by Gunmen
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









