ഒട്ടാവ:ഭരണപരമായ അപാകതകളും സുതാര്യതക്കുറവും കനത്ത അഴിമതി ആരോപണങ്ങളും മുൻനിർത്തി ക്രിക്കറ്റ് കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC). ബോർഡിന് നൽകിവരാറുള്ള സാമ്പത്തിക സഹായം അടുത്ത ആറ് മാസത്തേക്ക് ഐസിസി പൂർണ്ണമായി തടഞ്ഞുവെച്ചു. അസോസിയേറ്റ് അംഗമെന്ന നിലയിൽ തങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗത്തിനും ഐസിസി ഗ്രാന്റുകളെ ആശ്രയിക്കുന്ന ക്രിക്കറ്റ് കാനഡയ്ക്ക് ഈ തീരുമാനം വലിയൊരു തിരിച്ചടിയാണ്.
ദേശീയ ടീമുകളുടെ നിലവിലെ മത്സരങ്ങളെയോ പരിശീലനങ്ങളെയോ ഈ നടപടി പെട്ടെന്ന് ബാധിക്കില്ലെന്നാണ് സൂചനയെങ്കിലും ബോർഡിന്റെ ഭാവി പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കാം. 2024-ലെ കണക്കുകൾ പ്രകാരം ക്രിക്കറ്റ് കാനഡയുടെ ആകെ വരുമാനത്തിന്റെ (5.7 ദശലക്ഷം കനേഡിയൻ ഡോളർ) 63 ശതമാനവും (3.6 ദശലക്ഷം കനേഡിയൻ ഡോളർ) ഐസിസി നൽകിയ സഹായധനമായിരുന്നു.
കഴിഞ്ഞ ട്വന്റി-20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡ കളിച്ച മത്സരം നിലവിൽ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ (ACU) കനത്ത നിരീക്ഷണത്തിലാണ്. ദേശീയ ടീമിന്റെ തിരഞ്ഞെടുപ്പിൽ ബോർഡിലെ ഉന്നതർ ഇടപെട്ടതായും മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതായും വ്യക്തമാക്കുന്ന മുൻ കനേഡിയൻ കോച്ചിന്റെ ഫോൺ റെക്കോർഡിങ്ങുകളും ഐസിസി അന്വേഷിക്കുന്നുണ്ട്. മുൻ സിഇഒ സൽമാൻ ഖാൻ തന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ മറച്ചുവെച്ചാണ് പദവിയിലെത്തിയത്. മോഷണം, വഞ്ചന എന്നിവയ്ക്ക് കാൽഗറി പോലീസ് ഇയാൾക്കെതിരെ കേസെടുത്തതോടെ ഇയാളെ പുറത്താക്കുകയായിരുന്നു.
വിഷയത്തിൽ ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ വാരാന്ത്യത്തിൽ അരവിന്ദർ ഖോസയുടെ നേതൃത്വത്തിൽ നിലവിൽ വന്ന പുതിയ ഭരണസമിതി ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് മീഡിയ മാനേജർ ജിമ്മി ശർമ്മ അറിയിച്ചു. മുൻ ഭരണസമിതിയുടെ കാലത്തുണ്ടായ വീഴ്ചകൾ അടിയന്തരമായി തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
icc suspends cricket canada funding
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










