ഒട്ടാവ: ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ ‘ഗ്ലോബൽ ഗാഗ് റൂൾ’ എന്ന വിവാദ നയം മൂലം പ്രതിസന്ധിയിലായ ആരോഗ്യപദ്ധതികളെ സംരക്ഷിക്കാൻ കാനഡ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര സഹായ സംഘടനകൾ. സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും (LGBTQ+) അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് അമേരിക്ക പണം നിഷേധിച്ച സാഹചര്യത്തിൽ, സമാന ചിന്താഗതിയുള്ള രാജ്യങ്ങളെ ചേർത്ത് ഒരു പുതിയ സഖ്യം രൂപീകരിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി മുൻകൈ എടുക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിവരങ്ങളോ കൗൺസിലിംഗോ നൽകുന്ന ആഗോള സംഘടനകൾക്ക് പൂർണ്ണമായി ധനസഹായം നിഷേധിക്കുന്നതാണ് റിപ്പബ്ലിക്കൻ ഭരണകൂടങ്ങളുടെ ഈ നയം. ഇത്തവണ ട്രംപ് സർക്കാർ ഈ നിയമങ്ങൾ കൂടുതൽ കർശനമാക്കിയതോടെ ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ്‌വെ, സാംബിയ, മലാവി എന്നിവിടങ്ങളിലെ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങൾ കടുത്ത പ്രതിസന്ധിയിലായി. ഗർഭനിരോധന മാർഗ്ഗങ്ങളുടെ വിതരണം തടസ്സപ്പെടാനും സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങൾ വർദ്ധിക്കാനും ഇത് കാരണമാകുന്നുണ്ടെന്നും, ഫണ്ട് നിലച്ചതോടെ പല വികസ്വര രാജ്യങ്ങളിലും സാധാരണക്കാരായ സ്ത്രീകളുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യമാണുള്ളതെന്നും ഓക്‌സ്ഫാം കാനഡ വ്യക്തമാക്കുന്നു.
അമേരിക്കൻ വിദേശസഹായ നയത്തിലുണ്ടായ മാറ്റങ്ങൾ കനേഡിയൻ സംഘടനകളെയും അവരുടെ സേവനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് സർക്കാർ വിശദമായി വിലയിരുത്തുകയാണെന്ന് കാനഡയുടെ അന്താരാഷ്ട്ര വികസന മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി ശക്തമായൊരു കൂട്ടായ്മ രൂപീകരിക്കാൻ കാനഡ മുൻകൈ എടുക്കണമെന്ന് കനേഡിയൻ പാർട്ണർഷിപ്പ് ഫോർ വിമൻ ആൻഡ് ചിൽഡ്രൻസ് ഹെൽത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ലിംഗസമത്വവും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും കാനഡയുടെ വികസന നയങ്ങളുടെ പ്രധാന ഭാഗമാണെന്നും, വരാനിരിക്കുന്ന ജി7, യുഎൻ സമ്മേളനങ്ങളിൽ ഈ വിഷയങ്ങളിൽ അനുകൂലമായ നിലപാട് കാനഡ തുടർന്നും ഉയർത്തിപ്പിടിക്കുമെന്നും മിനിസ്ട്രി സ്‌പോക്സ്‌പെർസോൺ ശാന്തി കോസെന്റിനോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
American 'gag rule' controversy: Aid organizations call for Canada to intervene; African countries in crisis









