പാലക്കാട് : മലയാളികളെ കുറ്റാന്വേഷണങ്ങളുടെയും അത്ഭുത ലോകങ്ങളുടെയും മാസ്മരികതയിലേക്ക് കൈപിടിച്ചുയർത്തിയ വിഖ്യാത ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥൻ (93) അന്തരിച്ചു. സിഐഡി മൂസ, ഇരുമ്പുകൈ മായാവി തുടങ്ങിയ നിത്യഹരിത കഥാപാത്രങ്ങളുടെ സ്രഷ്ടാവായ അദ്ദേഹം പാലക്കാട്ടെ വസതിയിലായിരുന്നു അന്തരിച്ചത്. തയ്യൽ തൊഴിലാളിയായിരിക്കെ എഴുപതുകളിൽ പാലക്കാട്ടെത്തിയ അദ്ദേഹം അച്യുതൻ ബുക്ക് ഹൗസുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് മലയാള ചിത്രകഥാ സാഹിത്യത്തിൽ വഴിത്തിരിവായത്. സംസ്കാരം ഇന്ന് രാവിലെ പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.
സിനിമയിലൂടെ പുതിയ തലമുറ പരിചയപ്പെട്ട ‘സിഐഡി മൂസ’യെ ദശകങ്ങൾക്ക് മുമ്പ് ചിത്രകഥകളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയത് വിശ്വനാഥനാണ്. സിഐഡി മഹേഷ്, റിവോൾവർ റിങ്കോ തുടങ്ങിയ കഥാപാത്രങ്ങളും മലയാളി യുവാക്കളെയും കുട്ടികളെയും ഒരേപോലെ ആവേശത്തിലാഴ്ത്തിയിരുന്നു. ഹോളിവുഡിൽ ‘ജുറാസിക് പാർക്ക്’ എത്തുന്നതിനും രണ്ട് പതിറ്റാണ്ട് മുൻപ് ‘രാക്ഷസപ്പല്ലികൾ’ എന്ന ചിത്രകഥയിലൂടെ വായനക്കാരെ അദ്ദേഹം വിസ്മയിപ്പിച്ചു. മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങളും ദുരൂഹ ദ്വീപുകളും രഹസ്യ പരീക്ഷണങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ കഥാലോകം കുട്ടികളുടെ സങ്കൽപ്പശക്തിക്ക് പുതിയ മാനങ്ങൾ നൽകി.
പത്തുകൊല്ലം കൊണ്ട് 125-ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച വിശ്വനാഥന്റെ ഓരോ കൃതിയും പതിനായിരക്കണക്കിന് കോപ്പികളാണ് അക്കാലത്ത് വിറ്റഴിയാറുണ്ടായിരുന്നത്. 1983-ൽ പുറത്തിറങ്ങിയ ‘ശൂന്യാകാശത്തിലെ ക്ഷുദ്രജീവികൾ’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രകഥ. ചിത്രകഥകളുടെ സുവർണ്ണ കാലം അവസാനിച്ചതോടെ തന്റെ തയ്യൽ ജോലിയിലേക്ക് തന്നെ അദ്ദേഹം തിരിച്ചുപോയി. എലപ്പുള്ളി പായിക്കാട്ട് കുടുംബാംഗമായ അദ്ദേഹം പരേതയായ ശാരദയാണ് ഭാര്യ. രേണുക, ശോഭ എന്നിവർ മക്കളാണ്. അച്യുതൻ ബുക്ക് ഹൗസിൻ്റെ ഒറ്റ രൂപാ നോവലുകൾക്കൊപ്പം വിശ്വനാഥന്റെ ഭാവനയും ചേർന്ന് സൃഷ്ടിച്ചത് മലയാള സാംസ്കാരിക ചരിത്രത്തിലെ മറക്കാനാവാത്ത ഒരേടാണ്.
CID Moosa creator; Detective cartoonist Kannadi Viswanathan passes away
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



