ധരംശാല: ധരംശാലയിൽ നടന്ന നിർണായക പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം വിജയം ആഘോഷിച്ചു. തുടർച്ചയായ അഞ്ചാം തോൽവി വഴങ്ങിയ പഞ്ചാബിന് ഇതോടെ പ്ലേ ഓഫ് സാധ്യതകൾ കടുപ്പമായി. പഞ്ചാബ് ഉയർത്തിയ 201 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെയാണ് മുംബൈ മറികടന്നത്.
മുംബൈയുടെ വിജയശില്പി 33 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമയാണ്. ആറ് സിക്സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിങ്സ്. അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിൽ സേവ്യർ ബാർട്‍ലെറ്റിനെ സിക്സറുകൾക്ക് പറത്തിയാണ് താരം മുംബൈയെ വിജയതീരത്തെത്തിച്ചത്. ഓപ്പണർമാരായ റയാൻ റിക്കിൾട്ടൻ (48), രോഹിത് ശർമ (25) എന്നിവർ നൽകിയ മികച്ച തുടക്കവും വിൽ ജാക്സിന്റെ (25) പ്രകടനവും മുംബൈയ്ക്ക് തുണയായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തത്. 32 പന്തിൽ 57 റൺസ് നേടിയ പ്രബ്സിമ്രൻ സിങ്ങാണ് അവരുടെ ടോപ് സ്കോറർ. അസ്മത്തുല്ല ഒമർസായി (38) മികച്ച പ്രകടനം നടത്തിയെങ്കിലും മധ്യനിരയിൽ നായകൻ ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തി. ഒരു ഘട്ടത്തിൽ വലിയ തകർച്ചയെ അഭിമുഖീകരിച്ച പഞ്ചാബിനെ അവസാന ഓവറുകളിൽ മലയാളി താരം വിഷ്ണു വിനോദും ബാർട്‍ലെറ്റും ചേർന്നാണ് 200-ൽ എത്തിച്ചത്. പഞ്ചാബ് ജഴ്സിയിലെ തന്റെ ആദ്യ മത്സരത്തിൽ വിഷ്ണു 15 റൺസുമായി പുറത്താകാതെ നിന്നു.
മുംബൈയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തിയ ഷാർദൂൽ ഠാക്കൂറാണ് പഞ്ചാബ് സ്കോർ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. തോൽവിയിലും 13 പോയിന്റുമായി പഞ്ചാബ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുമ്പോൾ, മുംബൈ ഒൻപതാം സ്ഥാനത്താണ്.
Indian Premier League, Punjab Kings vs Mumbai Indians Match Updates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




