തിരുവനന്തപുരം: ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് തന്നെ നീക്കിയ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് രംഗത്തെത്തി. വിദേശ പരിശീലകനെ കൊണ്ടുവരാനായി തന്നെ ബലികൊടുക്കുകയായിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ശ്രീജേഷ് ആരോപിച്ചു. 2024 ഒളിമ്പിക്സിന് പിന്നാലെ ജൂനിയർ ടീമിന്റെ ചുമതലയേറ്റെടുത്ത ശ്രീജേഷിന്റെ നേതൃത്വത്തിൽ ജൂനിയർ ലോകകപ്പിലെ വെങ്കലം അടക്കം അഞ്ച് മെഡലുകൾ ടീം സ്വന്തമാക്കിയിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും തന്നെ മാറ്റിയത് അവിശ്വസനീയമാണെന്നും തന്റെ പരിശീലക കരിയർ ഒന്നര വർഷത്തിനുള്ളിൽ അവസാനിക്കുകയാണോ എന്ന് ആശങ്കപ്പെടുന്നതായും അദ്ദേഹം കുറിച്ചു.
കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, 2036 ഒളിമ്പിക്സിനായി രാജ്യത്തെ നയിക്കാൻ ശ്രീജേഷിനെപ്പോലുള്ളവരെ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്ന കാര്യവും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഹോക്കി ഫെഡറേഷൻ നാല് ടീമുകളിലും ഇന്ത്യൻ പരിശീലകരെക്കാൾ വിദേശികളിലാണ് വിശ്വാസമർപ്പിക്കുന്നത്.
മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകർ പുറത്താക്കപ്പെടുന്നത് സാധാരണമാണെങ്കിലും ഒരു വിദേശിക്ക് വേണ്ടി തന്നെ മാറ്റുന്നത് ആദ്യത്തെ സംഭവമാണെന്നും മലയാളി താരം ആഞ്ഞടിച്ചു. വിരമിച്ച ശേഷം പരിശീലകനെന്ന നിലയിൽ പുതിയ ഇന്നിങ്സ് തുടങ്ങിയ ശ്രീജേഷിനെതിരെ ഹോക്കി ഇന്ത്യ എടുത്ത ഈ നീക്കം കായിക ലോകത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
P R Sreejesh pens a strongly worded statement on Hockey India
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




