ഒട്ടാവ: ജീവൻരക്ഷാ മരുന്നുകളുടെ കാര്യത്തിൽ ഇൻഷുറൻസ് കമ്പനികൾ പുലർത്തുന്ന കടുംപിടുത്തം രോഗികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് ഒട്ടാവയിലെ ഷാദ് സെക്രിയുടെ അനുഭവം. വർഷങ്ങളായി താൻ ഉപയോഗിച്ചുകൊണ്ടിരുന്ന ബ്രാൻഡഡ് മരുന്നിന് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കമ്പനി വിസമ്മതിച്ചതോടെ തന്റെ ആരോഗ്യനില അപകടത്തിലാകുമെന്ന് ആശങ്കപ്പെടുകയാണ് ഈ രോഗി.
2023-ൽ ഭാര്യയിൽ നിന്ന് വൃക്ക സ്വീകരിച്ച ഷാദ് സെക്രി, അവയവം ശരീരം നിരസിക്കാതിരിക്കാൻ (organ rejection) ‘അഡ്വാഗ്രാഫ്’ (Advagraf) എന്ന ബ്രാൻഡഡ് മരുന്നാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇതിന് ഇൻഷുറൻസ് തുക ലഭിച്ചിരുന്നു. എന്നാൽ ഏപ്രിൽ മാസം മുതൽ, ഈ മരുന്നിന് പകരം വില കുറഞ്ഞ ജനറിക് മരുന്ന് ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ച് ഇൻഷുറൻസ് കമ്പനിയായ കാനഡ ലൈഫ് ക്ലെയിം നിരസിക്കുകയായിരുന്നു.
മരുന്ന് മാറ്റുന്നത് ഷാദിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടറായ ഡേവിഡ് മാസ്സിക്കോട്ട്-അസാർണിയോച്ച് മുന്നറിയിപ്പ് നൽകുന്നു. “ചില മരുന്നുകളുടെ അളവിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും മരുന്നിന്റെ ഫലപ്രാപ്തിയെ ബാധിക്കുകയോ അല്ലെങ്കിൽ അത് വിഷാംശമായി മാറാൻ കാരണമാവുകയോ ചെയ്യും. ആന്റി-റിജക്ഷൻ മരുന്നുകൾ അത്തരത്തിലുള്ളവയാണ്. അതുകൊണ്ട് തന്നെ നിലവിൽ ഉപയോഗിക്കുന്ന ബ്രാൻഡിൽ മാറ്റം വരുത്തുന്നത് ഒട്ടും സുരക്ഷിതമല്ല.” ഡോ. ഡേവിഡ് മാസ്സിക്കോട്ട് പറയുന്നു.
ഫെഡറൽ ഗവൺമെന്റിന്റെ ഇൻഷുറൻസ് പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് കാനഡ ലൈഫിന്റെ വിശദീകരണം. ജനറിക് മരുന്ന് ഉപയോഗിച്ച് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ മാത്രമേ ബ്രാൻഡഡ് മരുന്നിന് പണം അനുവദിക്കൂ എന്ന വിചിത്രമായ നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.
ഡോക്ടർ ഔദ്യോഗികമായി കത്തെഴുതി നൽകിയിട്ടും അത് പരിഗണിക്കാതെ ക്ലെയിം തള്ളിയതിനെതിരെ അപ്പീൽ നൽകാനാണ് ഷാദ് സെക്രിയുടെ തീരുമാനം. ഡോക്ടറുടെ നിർദ്ദേശത്തേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന ഇൻഷുറൻസ് കമ്പനികളുടെ നയം കനേഡിയൻ ആരോഗ്യ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
Ottawa man says insurance company refuses to reimburse for brand-name drug despite doctor’s note
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



