കാൽഗറി: ഏപ്രിൽ ആറിന് നടന്ന ഡെയിലി ഗ്രാൻഡ് ലോട്ടറി നറുക്കെടുപ്പിൽ വമ്പൻ തുക സ്വന്തമാക്കി കാൽഗറി സ്വദേശി ഖാലിദ് അഹ്മദ്. സാഡിൽ റിഡ്ജിലെ ജെറീസ് കൺവീനിയൻസ് സ്റ്റോറിൽ നിന്നും ഖാലിദ് വാങ്ങിയ ടിക്കറ്റിനാണ് ഏഴ് മില്യൺ ഡോളർ സമ്മാനം ലഭിച്ചത്. അപ്രതീക്ഷിതമായി തേടിയെത്തിയ ഈ ഭാഗ്യവാർത്തയുടെ ആവേശത്തിൽ തനിക്ക് രാത്രി ഉറങ്ങാൻ പോലും സാധിച്ചില്ലെന്ന് ഖാലിദ് അഹ്മദ് പറഞ്ഞു.
ലോട്ടോ സ്പോട്ട് ആപ്പ് വഴി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് അഞ്ച് നമ്പറുകളും ഗ്രാൻഡ് നമ്പറും കൃത്യമായി ഒത്തുപോയ വിവരം അദ്ദേഹം അറിഞ്ഞത്. താൻ വിജയിയാണെന്ന് ആപ്പിൽ കണ്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും ആ നിമിഷം ശരിക്കും ഞെട്ടിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു. സമ്മാനത്തുക ഉറപ്പായതോടെ ടിക്കറ്റ് കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിച്ചുവെക്കുന്നതിലായിരുന്നു തന്റെ മുഴുവൻ ശ്രദ്ധയെന്നും ഖാലിദ് വ്യക്തമാക്കി.
ലഭിച്ച തുക ഉപയോഗിച്ച് വിദേശത്തുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കാനും യാത്രകൾ ചെയ്യാനുമാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ജർമ്മനി, സൗദി അറേബ്യ, പാരീസ് എന്നിവിടങ്ങൾ സന്ദർശിക്കാൻ പദ്ധതിയുണ്ടെങ്കിലും മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ഖാലിദ് പറഞ്ഞു. തന്റെ പ്രായത്തിൽ മക്കളുടെ സന്തോഷത്തിനാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും പുതിയ ജീവിതസാഹചര്യങ്ങളെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Calgary man wins $7 million in Daily Grand Lottery draw




