വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ എച്ച്ഐവി രോഗബാധ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയിലധികം കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ചീഫ് പ്രൊവിൻഷ്യൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ബ്രന്റ് റൂസ്സിൻ വ്യാഴാഴ്ച അടിയന്തര പ്രഖ്യാപനം നടത്തിയത്. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും രോഗവ്യാപനം തടയാൻ ഒത്തൊരുമിച്ചുള്ള നീക്കം അനിവാര്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷത്തിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ൽ 142 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വർഷം ഇത് 328 ആയി ഉയർന്നു. 2024-ലെ കണക്കനുസരിച്ച് ഇവിടെ ഓരോ ഒരു ലക്ഷം പേരിലും 19.5 പേർക്ക് രോഗബാധയുണ്ട്. ദേശീയ ശരാശരി വെറും 5.5 ആയിരിക്കെയാണിത്. വിന്നിപെഗ് നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ നോർതേൺ, പ്രെയ്റി മൗണ്ടൻ ഹെൽത്ത് മേഖലകളിലും ഫസ്റ്റ് നേഷൻ സമൂഹങ്ങൾക്കിടയിലും രോഗവ്യാപനം ശക്തമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ലഹരിമരുന്നുകളുടെ ഉപയോഗം, ഭവനരഹിതാവസ്ഥ, മാനസികാരോഗ്യ പ്രശ്നങ്ങൾ, കൃത്യസമയത്ത് ചികിത്സ ലഭ്യമാകാത്ത സാഹചര്യം എന്നിവയാണ് രോഗവ്യാപനം വർധിക്കാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സാ സൗകര്യങ്ങൾക്കുമായി സർക്കാർ ഇതിനോടകം 8 മില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്. പരിശോധനകൾ വ്യാപകമാക്കുന്നതിനും ബോധവൽക്കരണത്തിനുമായി ഫസ്റ്റ് നേഷൻ നേതാക്കളുമായും സാമൂഹിക സംഘടനകളുമായും ചേർന്ന് കർശനമായ തുടർ നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
From 142 to 328; HIV spreads in Manitoba; Provincial government declares state of emergency




