വൈദ്യുതി ഇല്ലാതെ 3.9 ലക്ഷം കുടുംബങ്ങൾ
ഒന്റാരിയോ : Middle East ഒന്റാരിയോയിൽ രൂക്ഷമായ മഞ്ഞുമഴയെ തുടർന്ന് ഏകദേശം 3,90,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബാരി, ഒറിലിയ, കവാർത്ത ലേക്ക്സ്, പെറ്റർബറോ, കിംഗ്സ്റ്റൺ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഈ പ്രദേശങ്ങളിൽ 25 മില്ലിമീറ്റർ വരെ മഞ്ഞ് കട്ടിയായി കാണപ്പെടുന്നു.
മരങ്ങൾ വീഴുന്നതും വൈദ്യുത ലൈനുകൾ തകരുന്നതും ഉൾപ്പെടെയുള്ള വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പെറ്റർബറോ, ഓറോ-മെഡോണ്ട് എന്നീ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി റോഡുകളും പൊതുസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.വൈദ്യുതി ലൈനുകൾ തകർന്ന സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് 10 മീറ്റർ അകലം പാലിക്കാനും വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും ഹൈഡ്രോ വൺ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ദുരിതം ബാധിക്കാത്ത പ്രദേശങ്ങളിൽ നിന്നുള്ള സംഘങ്ങൾ പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ടെങ്കിലും പൂർണമായ പുനഃസ്ഥാപനത്തിന് ദിവസങ്ങൾ എടുത്തേക്കാം. മധ്യ-പൂർവ ഒന്റാരിയോയിൽ മഞ്ഞുമഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ തുടരുന്നു. അടുത്ത ദിവസങ്ങളിലും അപകടകരമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.



