ന്യൂയോർക്ക്: അമേരിക്കൻ കപ്പലുകൾക്ക് നേരെ പ്രകോപനം ഉണ്ടായാൽ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള യു.എസ്. നീക്കത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കൻ നാവികസേനയുടെയോ ചരക്ക് കപ്പലുകളുടെയോ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന തരത്തിൽ ഇറാൻ പ്രകോപനം സൃഷ്ടിച്ചാൽ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര കപ്പൽ പാതകളിൽ അമേരിക്കൻ കപ്പലുകളെ ഇറാൻ ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. കടലിൽ അമേരിക്കൻ കപ്പലുകളെ ശല്യം ചെയ്യുന്ന ഏതൊരു ഇറാനിയൻ ബോട്ടുകളെയും വെടിവെച്ചു വീഴ്ത്താൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പരമാധികാരത്തെയും സൈനികരെയും തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇറാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ഏറ്റവും മികച്ച ആയുധങ്ങളും സൈനിക താവളങ്ങളും അമേരിക്കയ്ക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ അതിർത്തിക്കുള്ളിൽ കടക്കുന്ന ഏത് വിദേശ കപ്പലുകളെയും പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാന്റെ പക്ഷം. പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് ഇത് വഴിവെക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഭയപ്പെടുന്നത്. ഗൾഫ് മേഖലയിൽ 800-ലധികം കപ്പലുകളും ഇരുപതിനായിരത്തിലേറെ കപ്പൽ ജീവനക്കാരുമാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Iran will be wiped off the face of the earth! Donald Trump publicly challenges Iran
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



