തിരുവനന്തപുരം: സിപിഐഎമ്മിലെ പ്രമുഖരായ അസംതൃപ്തരെയും വിമതരെയും അണിനിരത്തി യുഡിഎഫ് നടത്തിയ രാഷ്ട്രീയ പരീക്ഷണം നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ചലനമുണ്ടാക്കുന്നു. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന അഞ്ച് പ്രമുഖ നേതാക്കളെ പിന്തുണച്ച യുഡിഎഫ് നീക്കം പല സിറ്റിങ്ങ് സീറ്റുകളിലും എൽഡിഎഫിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അമ്പലപ്പുഴയിൽ മുൻമന്ത്രി ജി. സുധാകരന്റെ മുന്നേറ്റമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന അദ്ദേഹം സിപിഐഎമ്മിലെ എച്ച്. സലാമിനെതിരെ 16,000-ലേറെ വോട്ടുകളുടെ വ്യക്തമായ ലീഡ് നിലനിർത്തുന്നു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലും വിമതർ ആധിപത്യം ഉറപ്പിക്കുകയാണ്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചു മത്സരിച്ച മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ 6,363 വോട്ടുകൾക്ക് മുന്നിലാണ്. പയ്യന്നൂരിൽ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടിക്ക് പുറത്തുപോയ വി. കുഞ്ഞികൃഷ്ണൻ സിറ്റിങ്ങ് എംഎൽഎ ടി.ഐ. മധുസൂദനനെതിരെ 3,884 വോട്ടുകളുടെ ലീഡ് ഉയർത്തിയിട്ടുണ്ട്.
അതേസമയം, ഒറ്റപ്പാലത്ത് യുഡിഎഫ് പരീക്ഷണം പരാജയപ്പെടുകയും എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാർ 26,910 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എ. സുരേഷിനെ യുഡിഎഫ് പിന്തുണച്ച മലമ്പുഴയിലും സിറ്റിങ്ങ് എംഎൽഎ എ. പ്രഭാകരൻ ലീഡ് നിലനിർത്തിക്കൊണ്ട് ഇടതുപക്ഷത്തിന് ആശ്വാസം നൽകുന്നു. സിപിഐഎമ്മിന്റെ സംഘടനാ സംവിധാനത്തെ അവരുടെ തന്നെ മുൻ നേതാക്കളെ ഉപയോഗിച്ച് നേരിടാനുള്ള യുഡിഎഫ് തന്ത്രം കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
udf in supporting cpim rebels success




