വിനിപെഗ്: മാനിറ്റോബയിൽ 911 അടിയന്തര സേവനം തടസ്സപ്പെട്ട സമയത്ത് ഹൃദയാഘാതം മൂലം ഒരാൾ മരിച്ച സംഭവത്തിൽ, മരണത്തിന് കാരണം ആ വ്യക്തിയുടെ അശ്രദ്ധയാണെന്ന് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ടെലസ്. 2025 മാർച്ചിലുണ്ടായ 911 സേവന തടസ്സത്തിനിടെ മരണപ്പെട്ട ഡീൻ സ്വിറ്റ്സറുടെ കുടുംബം ഫയൽ ചെയ്ത കേസിലാണ് ടെലസ് കമ്പനി ഇത്തരമൊരു വാദം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. 911 സേവനം ഉറപ്പാക്കാൻ തങ്ങൾക്ക് നിയമപരമായ ബാധ്യതയില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു.
ഫിഷർ ബ്രാഞ്ച് സ്വദേശിയായ ഡീൻ സ്വിറ്റ്സർ 2025 മാർച്ച് 23-നാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. ആ സമയത്ത് ഡീനിന്റെ ഭാര്യയും അയൽവാസികളും 20-ഓളം തവണ 911-ലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം കോളുകൾ ബന്ധിപ്പിക്കാനായില്ല. തുടർന്ന് 45 മിനിറ്റോളം വൈകിയാണ് വൈദ്യസഹായം ലഭ്യമായതെന്നും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും സഹോദരൻ ഗ്രെഗ് സ്വിറ്റ്സർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഡീനിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം.
എന്നാൽ, സേവന കരാറിലെ വ്യവസ്ഥകൾ പ്രകാരം നെറ്റ്‌വർക്ക് തകരാറുകൾക്ക് കമ്പനി ഉത്തരവാദികളല്ലെന്ന് ടെലസ് കോടതിയിൽ വാദിച്ചു. സേവന ലഭ്യതയിൽ ഉറപ്പ് നൽകുന്നില്ലെന്നും, 911 തടസ്സം മൂലമാണ് മരണം സംഭവിച്ചതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കമ്പനി വ്യക്തമാക്കി. കേസ് കോടതി തള്ളിക്കളയണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും കേസിലെ ആരോപണങ്ങൾ കോടതി ഇതുവരെ പരിശോധിച്ച് തുടങ്ങിയിട്ടില്ല.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
911 call not connected, death follows; Telus claims negligence of person, bizarre argument in court




