ന്യൂയോർക്ക്: ലോകപ്രശസ്ത ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ ചേസ് ബാങ്കിലെ എക്സിക്യൂട്ടീവ് ഡയറക്ടർക്കെതിരെ ഇന്ത്യൻ വംശജനായ സഹപ്രവർത്തകന്റെ ഗുരുതര പീഡന പരാതി. ബാങ്കിലെ ഫിനാൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായ ലോർണ ഹാജ്ദിനിക്കെതിരെയാണ് വംശീയ അധിക്ഷേപത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിച്ചത്. സംഭവത്തിൽ ന്യൂയോർക്ക് കൗണ്ടി സുപ്രീം കോടതി ഏപ്രിൽ 27-ന് കേസെടുത്തു.
കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയും മയക്കുമരുന്ന് നൽകിയും അതിക്രൂരമായ ലൈംഗിക പ്രവൃത്തികൾക്ക് ലോർണ നിർബന്ധിച്ചിരുന്നതായി ന്യൂയോർക്ക് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. 2024 മുതലാണ് പീഡനം ആരംഭിച്ചത്. ‘ബ്രൗൺ ബോയ് ഇന്ത്യൻ’ എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിക്കുന്നത് ലോർണ പതിവാക്കിയിരുന്നതായും യുവാവ് പരാതിയിൽ ആരോപിക്കുന്നു.
ബാസ്ക്കറ്റ് ബോൾ താരമായിരുന്ന യുവാവിനെ തന്റെ ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങാൻ നിരന്തരം നിർബന്ധിച്ചിരുന്നു. ഓഫീസ് ഡസ്കിന് സമീപം പേന മനഃപൂർവം താഴെയിട്ട്, അത് എടുക്കാനെന്ന വ്യാജേന കുനിഞ്ഞ് യുവാവിന്റെ കാലുകളിലും തുടകളിലും സ്പർശിക്കുന്നത് ഉൾപ്പെടെയുള്ള അപമര്യാദയായ പെരുമാറ്റങ്ങൾ ലോർണയിൽ നിന്നുണ്ടായതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
തന്നെ അനുസരിച്ചില്ലെങ്കിൽ സ്ഥാനക്കയറ്റം തടയുമെന്നും പ്രൊഫഷണൽ കരിയർ നശിപ്പിക്കുമെന്നും ലോർണ ഭീഷണിപ്പെടുത്തിയിരുന്നതായി ഹർജിയിൽ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ യുവാവ് വഴങ്ങിയെങ്കിലും പീഡനം ക്രൂരമായി തുടർന്നു. ലൈംഗിക വേഴ്ചയ്ക്കായി ‘ഡേറ്റ് റേപ്പ് ഡ്രഗ്’ എന്നറിയപ്പെടുന്ന റൂഫീസും (Roofies) ലിംഗോദ്ധാരണത്തിനുള്ള മരുന്നുകളും ലോർണ നൽകിയിരുന്നതായി പിന്നീട് നടന്ന അന്വേഷണത്തിൽ അവർ തന്നെ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
യുവാവിന്റെ വീട്ടിലെത്തി ഏഷ്യക്കാരിയായ ഭാര്യയുടെ മുന്നിൽ വെച്ച് വസ്ത്രങ്ങൾ ബലമായി അഴിക്കുകയും ഭാര്യയെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. പീഡനത്തിനിടെ കരഞ്ഞതിന് യുവാവിനെ ലോർണ ശകാരിച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. 2025 മെയ് മാസത്തിൽ യുവാവ് ജെപി മോർഗൻ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് ആദ്യഘട്ടത്തിൽ ബാങ്ക് ഇത് തള്ളുകയായിരുന്നു.
നിലവിൽ പരാതിക്കാരന് ജോലി നഷ്ടപ്പെട്ടതായാണ് സൂചന. എന്നാൽ, പീഡനാരോപണം നേരിടുന്ന ലോർണ ഹാജ്ദിനി ഇപ്പോഴും ബാങ്കിൽ ഉന്നത പദവിയിൽ തുടരുകയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിരുദം നേടിയ 37കാരിയായ ലോർണ കഴിഞ്ഞ 15 വർഷമായി ജെപി മോർഗനിൽ പ്രവർത്തിച്ചു വരികയാണ്.
തൊഴിലിടത്തിലെ കടുത്ത പീഡനം മൂലം താൻ മാനസികമായി തകർന്നുവെന്നും കരിയറിൽ വലിയ നഷ്ടങ്ങൾ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ബാങ്ക് അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. ഒരു ആഗോള ബാങ്കിങ് സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥയ്ക്കെതിരെ ഉയർന്ന ഈ പരാതി ലോകമെമ്പാടുമുള്ള തൊഴിലിടങ്ങളിലെ സുരക്ഷയെയും സദാചാരത്തെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
JP Morgan Bank executive accused of racially abusing colleague of Indian origin
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




