ഒട്ടാവ : കാനഡയുടെ പ്രതിരോധ സേനയുടെ റിക്രൂട്ട്മെന്റ് നയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം അടിസ്ഥാന പരിശീലനം പൂർത്തിയാക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ട്. ക്യുബെക്കിലെ സെന്റ്-ജീൻ-സുർ-റിച്ചെലിയുവിലുള്ള കനേഡിയൻ ഫോഴ്സസ് ലീഡർഷിപ്പ് ആൻഡ് റിക്രൂട്ട് സ്കൂളിന്റെ (CFLRS) കമാൻഡന്റ് ലെഫ്റ്റനന്റ് കേണൽ മാർക്ക് കീലി തയ്യാറാക്കിയ 15 പേജുള്ള ആന്തരിക വിലയിരുത്തൽ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2024-ൽ 85 ശതമാനമായിരുന്ന വിജയശതമാനം 2025-ൽ 77 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച പ്രതിരോധ ഉദ്യോഗസ്ഥർ ഈ റിപ്പോർട്ടിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ട്.
സേനയുടെ റിക്രൂട്ട്മെന്റ് ലക്ഷ്യം കൈവരിക്കാൻ സഹായിച്ചത് 1,400 സ്ഥിരതാമസക്കാരെ (permanent residents) ഉൾപ്പെടുത്തിയതാണെങ്കിലും, ഇത് പരിശീലനത്തിൽ വെല്ലുവിളികൾ സൃഷ്ടിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒന്നിലധികം തവണ ശ്രമിച്ചതിന് ശേഷം മാത്രം അടിസ്ഥാന പരിശീലനം പൂർത്തിയാക്കുന്നവരുടെ അനുപാതം 2024-ലെ 8.44 ശതമാനത്തിൽ നിന്ന് 2025-ൽ 14.89 ശതമാനമായി ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, പുതിയ ഉദ്യോഗാർത്ഥികളിൽ ഉത്കണ്ഠ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചതായും, 92 റിക്രൂട്ട് ഉദ്യോഗാർത്ഥികളെ ഒന്നിലധികം തവണ പുറത്തുള്ള ആശുപത്രികളിലേക്കോ ക്ലിനിക്കുകളിലേക്കോ അയക്കേണ്ടി വന്നതായും കീലി തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.
സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്നത് ദുഷ്കരമാണെന്ന് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. കാനഡയിലെത്തി മൂന്ന് മാസത്തിനുള്ളിൽ പരിശീലനത്തിനെത്തിയവരിൽ സാംസ്കാരികമായ പ്രതിസന്ധികൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് സംസാരിക്കുന്ന ഒരു യൂണിറ്റിൽ 48 ശതമാനം ഉദ്യോഗാർത്ഥികൾ മാത്രമാണ് വിജയിച്ചത്. കാമറൂൺ, കോറ്റ് ഡി ഐവറി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ തമ്മിലുള്ള തർക്കങ്ങളും വംശീയതയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഈ യൂണിറ്റിൽ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓഫീസർ പരിശീലന യൂണിറ്റിൽ സ്ത്രീകളെ തുല്യരായി കാണുന്നതിലെ സാംസ്കാരിക വ്യത്യാസങ്ങൾ ചില സ്ഥിരതാമസക്കാരെ ബാധിച്ചതായും കീലി വ്യക്തമാക്കിയിട്ടുണ്ട്.
Changes in military recruitment; Basic training success rate has dropped sharply, report says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



