ടൊറന്റോ: നഗരയാത്രകളിൽ കാർഗോ ഇ-ബൈക്കുകളെ ആശ്രയിക്കുന്നവർക്ക് ആശ്വാസമായി ഒന്റാറിയോ സർക്കാരിന്റെ പുതിയ നീക്കം. കാർഗോ ഇ-ബൈക്കുകളിൽ കുട്ടികളെ യാത്രക്കാരായി കൊണ്ടുപോകുന്നത് ഔദ്യോഗികമായി അനുവദിക്കുന്ന തരത്തിൽ ഹൈവേ ട്രാഫിക് ആക്ട് പരിഷ്കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ കാർഗോ ബൈക്കുകളിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നത് ടൊറന്റോ തെരുവുകളിൽ സാധാരണമാണെങ്കിലും, സാങ്കേതികമായി ഇത് നിയമവിരുദ്ധമാണ്. ഈ നിയമലംഘനത്തിന് 1000 ഡോളർ വരെ പിഴ ഈടാക്കാനും നിലവിൽ വ്യവസ്ഥയുണ്ട്.ഗതാഗത മന്ത്രാലയം കഴിഞ്ഞ ആഴ്ചയാണ് ഹൈവേ ട്രാഫിക് ആക്ടിൽ നിർദ്ദേശിച്ചിട്ടുള്ള മാറ്റങ്ങൾ പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പുറത്തുവിട്ടത്.
2021-ൽ കാർഗോ ഇ-ബൈക്കുകളിൽ യാത്രക്കാരെ അനുവദിച്ചുകൊണ്ട് പ്രവിശ്യാ സർക്കാർ ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ ഹൈവേ ട്രാഫിക് ആക്ടിലെ പഴയ നിയമങ്ങൾ ഇതിന് വിരുദ്ധമായി തുടരുകയായിരുന്നു. പവർ അസിസ്റ്റഡ് സൈക്കിളുകളിൽ 16 വയസ്സിൽ താഴെയുള്ളവരെ യാത്രക്കാരായി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്നാണ് പഴയ നിയമം പറയുന്നത്. പുതിയ ഭേദഗതി വരുന്നതോടെ ഈ നിയമപരമായ വൈരുദ്ധ്യം ഇല്ലാതാകും.
നിയമത്തിലെ ഈ അവ്യക്തത തങ്ങൾക്കും ഉപഭോക്താക്കൾക്കും വലിയ ആശയക്കുപ്പമുണ്ടാക്കിയിരുന്നതായി ടൊറന്റോയിലെ ‘കർബ്സൈഡ് സൈക്കിൾ’ ഉടമ ആരോൺ എൻചിൻ പറയുന്നു. തങ്ങൾ വാങ്ങുന്ന വാഹനം നിയമപരമാണോ എന്ന് പലരും ആശങ്കപ്പെട്ടിരുന്നു. പുതിയ മാറ്റം കാർഗോ ബൈക്കുകൾ വാങ്ങാൻ മടിച്ചുനിൽക്കുന്നവർക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇത് നിയമപരമായ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാർഗോ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ അപകടമുണ്ടായാൽ, നിയമപരമായ സാധുതയില്ലെന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകൾ നിരസിക്കാനുള്ള സാധ്യത പുതിയ ഭേദഗതിയോടെ ഇല്ലാതാകും. ടൊറന്റോയിൽ പലരും ഇപ്പോൾത്തന്നെ തങ്ങളുടെ കുട്ടികളെ സ്കൂളിലും മറ്റും കൊണ്ടുപോകാൻ കാർഗോ ഇ-ബൈക്കുകളെയാണ് ആശ്രയിക്കുന്നത്.
“നിലവിൽ പ്രായോഗികമായി നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തിന് നിയമപരമായ അംഗീകാരം നൽകുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. ഇതൊരു വലിയ പോസിറ്റീവ് മാറ്റമാണ്,” കാർഗോ ബൈക്ക് യാത്രക്കാരിയായ പ്രിയങ്ക വിറ്റൽ പ്രതികരിച്ചു. ഹെൽമറ്റ് ധരിക്കുക, യാത്രക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ സീറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് 16 വയസ്സിന് മുകളിലുള്ളവർക്ക് കുട്ടികളെ കാർഗോ ബൈക്കുകളിൽ കൊണ്ടുപോകാൻ അനുവാദം നൽകുന്നതാണ് പുതിയ നിർദ്ദേശം. പരിസ്ഥിതി സൗഹൃദമായ ഈ യാത്രാരീതിക്ക് കൂടുതൽ പ്രചാരം നൽകാൻ പുതിയ നിയമപരിഷ്കരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
You can now take your children with you on cargo e-bikes; Ontario government to amend law, fines will be waived
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




