ഹാമിൽട്ടൺ: ഹാമിൽട്ടണിലുള്ള പ്രമുഖ റെസ്റ്റോറന്റിൽ ഉണ്ടായ സാൽമൊണെല്ല ബാധയെത്തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു. സ്റ്റോൺ ചർച്ച് റോഡിലെ ‘പൈപ്പർ ആംസ്’ (Piper Arms) റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച 29 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. നേരത്തെ 13 പേർക്ക് മാത്രമായിരുന്നു രോഗം റിപ്പോർട്ട് ചെയ്തിരുന്നത്. രോഗലക്ഷണങ്ങളോടെ 57 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ശുചിത്വമില്ലായ്മയും ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അപാകതയുമാണ് രോഗം പടരാൻ കാരണമായതെന്നാണ് ഹാമിൽട്ടൺ പബ്ലിക് ഹെൽത്ത് വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തൽ. റെസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച സ്രവ സാമ്പിളുകളുടെ പരിശോധനയിൽ ‘ഷ്രെഡ്ഡഡ് ചീസ്’ സാമ്പിളുകളിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണസാധനത്തിൽ നിന്നല്ല, മറിച്ച് പലതരം ഭക്ഷണങ്ങൾ ഒരേ സ്ഥലത്ത് കൈകാര്യം ചെയ്തപ്പോൾ ഉണ്ടായ സമ്പർക്കം മൂലമാണ് രോഗം പടർന്നതെന്ന് ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കി.
രോഗം ബാധിച്ചവരിൽ ഒൻപത് പേരുടെ നില ഗൗരവകരമായതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 30-നും ഏപ്രിൽ 5-നും ഇടയിൽ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് വയറിളക്കം, ഛർദ്ദി, വയറുവേദന, വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. രോഗബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഏപ്രിൽ 13-ന് റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും ശേഷമാണ് റെസ്റ്റോറന്റ് വീണ്ടും തുറക്കാൻ അനുമതി നൽകിയത്.
ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിന് റെസ്റ്റോറന്റ് ഉടമയ്ക്ക് 705 ഡോളർ പിഴ ചുമത്തിയിട്ടുണ്ട്. ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകാനും ഭക്ഷണത്തിന്റെ താപനില ക്രമീകരിക്കുന്നതിൽ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകി. പൊതുജനാരോഗ്യം മുൻനിർത്തി കർശനമായ നടപടികൾ തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ബ്രണ്ടൻ ലൂ അറിയിച്ചു. വരും ദിവസങ്ങളിലും റെസ്റ്റോറന്റിൽ ആരോഗ്യവകുപ്പിന്റെ കർശന പരിശോധന തുടരും.
പച്ചയോ പകുതി വേവിച്ചതോ ആയ മാംസം, മുട്ട, പാൽ ഉൽപ്പന്നങ്ങൾ എന്നിവയിലൂടെയാണ് സാധാരണയായി സാൽമൊണെല്ല ബാക്ടീരിയ മനുഷ്യശരീരത്തിൽ എത്തുന്നത്. ബാക്ടീരിയയുമായി സമ്പർക്കം ഉണ്ടായി 6 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കൃത്യമായ ചികിത്സയും വിശ്രമവും ഇതിന് അനിവാര്യമാണ്.
Salmonella outbreak at Hamilton restaurant: 29 people infected; nine hospitalized
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




