തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം മേയ് നാലിന് വരാനിരിക്കെ കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്ത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സിഎൻഎൻ-ന്യൂസ് 18 പ്രവചിക്കുന്നു. യുഡിഎഫ് 70 മുതൽ 80 വരെ സീറ്റുകളും എൽഡിഎഫ് 58 മുതൽ 68 സീറ്റുകളും നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ നാല് സീറ്റുവരെ നേടുമെന്ന് സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് ഫലം പറയുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് അടിപതറുമെന്നാണ് എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. ബിജെപി അധികാരത്തിലെത്താമെന്നാണ് പോൾ ഡയറിയുടെ എക്സിറ്റ് പോൾ ഫലം. തൃണമൂൽ 99 മുതൽ 127 സീറ്റ് വരെയും എൻഡിഎ 142 മുതൽ 171 സീറ്റു വരെയും നേടുമെന്ന് പോൾ ഡയറി പ്രവചിക്കുന്നു.
ഇത്തവണ വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങൾ സമ്മിശ്രമായിരുന്നു. സർവേകൾ ആർക്കും വ്യക്തമായ സാധ്യത നൽകാത്തതിനാൽ എക്സിറ്റ് പോൾ ഫലം ആകാംക്ഷ വർധിപ്പിക്കുന്നതാണ്. വിജയ പ്രതീക്ഷയിലാണ് എൽഡിഎഫും യുഡിഎഫും. അക്കൗണ്ട് വീണ്ടും തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത് ഏപ്രിൽ 29ന് ആയിരുന്നു. ദേശീയ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോളുകളിൽ ഏറിയ പങ്കും പ്രവചിച്ചത് എൽഡിഎഫ് തുടർഭരണമാണ്; ഫലം വന്നപ്പോൾ അതു യാഥാർഥ്യമാകുകയും ചെയ്തു. സർവേഫലങ്ങളെക്കാൾ എക്സിറ്റ് പോളുകൾക്കു വിശ്വാസ്യത കൂടുതലാണ് എന്നതിനാൽ ഇന്നു പുറത്തുവരുന്ന ഫലങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്കും ഉദ്വേഗമേറെയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Exit poll results of Kerala assembly election




