വാൻകൂവർ: വാൻകൂവറിൽ നടന്ന പ്രശസ്ത പഞ്ചാബി ഗായകൻ ദിൽജിത് ദോസഞ്ജിന്റെ “ഓറ-2026” സംഗീത പരിപാടിക്കിടെ ഖലിസ്ഥാൻ അനുകൂലികളുടെ വൻ പ്രതിഷേധം. ഏപ്രിൽ 23-ന് നടന്ന പരിപാടിക്കിടെ വേദിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ഖലിസ്ഥാൻ പതാകകൾ വീശുകയും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തതോടെ ഷോ തടസ്സപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെടുകയും പ്രതിഷേധക്കാരെ വേദിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
സിഖ് ഫോർ ജസ്റ്റിസ് (SFJ) പ്രവർത്തകരായ പവൻദീപ് സിംഗ് ബസ്സി, മൻദീപ് സിംഗ് രവി എന്നിവരാണ് പ്രതിഷേധത്തിന് പിന്നിലെന്ന് സൂചനയുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത എസ്.എഫ്.ജെ തലവൻ ഗുർപത്വന്ത് സിംഗ് പന്നു, ദിൽജിത്തിന്റെ വരാനിരിക്കുന്ന അന്താരാഷ്ട്ര പരിപാടികളിലും സമാനമായ പ്രതിഷേധങ്ങൾ തുടരുമെന്ന് ഭീഷണിപ്പെടുത്തി.
ദിൽജിത് ദോസഞ്ജ് ബി.ജെ.പി-ആർ.എസ്.എസ് ഏജന്റാണെന്ന് ആരോപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും വീഡിയോകളും സംഘടന പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ഓസ്‌ട്രേലിയയിലെ പെർത്തിൽ നടന്ന ഷോയ്ക്കിടെയും ദിൽജിത്തിനെതിരെ ഇത്തരം ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. കൂടാതെ, ഒരു റിയാലിറ്റി ഷോയിൽ വെച്ച് നടൻ അമിതാഭ് ബച്ചനെ പാദസ്പർശം ചെയ്ത് വന്ദിച്ചതിനും ഇവർ ഗായകനെതിരെ ഭീഷണി ഉയർത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ കലാകാരന്മാർക്ക് നേരെ വർധിച്ചുവരുന്ന ഇത്തരം നീക്കങ്ങൾ വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തിൽ കാനഡ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Pro-Khalistan supporters disrupts Diljit Dosanjh concert in Canada




