മലയാളികളുടെ പ്രിയപ്പെട്ട ‘മല്ലു’ അർജുൻ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള തന്റെ 100 കോടിയുടെ ആഡംബര ബംഗ്ലാവ് വിട്ട് മുംബൈയിൽ വാടക വീട്ടിലേക്ക് മാറുന്നതായി റിപ്പോർട്ടുകൾ. അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘രാക്ക’യുടെ ചിത്രീകരണത്തിനായാണ് താരം മുംബൈയിലേക്ക് താമസം മാറുന്നത്. മുംബൈ താര റോഡിലുള്ള ഒരു ആഡംബര അപാർട്ട്മെന്റ് പ്രതിമാസം 16 ലക്ഷം രൂപ വാടകയ്ക്കാണ് താരം എടുത്തിരിക്കുന്നത്. 6000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ വീട്ടിൽ നാല് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ചെറിയൊരു സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്.
ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കളായ അയാൻ, അർഹ എന്നിവർക്കും കടൽ കാഴ്ചയുള്ള വീട് വേണമെന്ന ആഗ്രഹമാണ് മുംബൈയിലെ ജുഹു ഏരിയയ്ക്ക് സമീപമുള്ള ഈ അപാർട്ട്മെന്റ് തിരഞ്ഞെടുക്കാൻ കാരണമെന്നും പറയപ്പെടുന്നു. വിരാട് കോഹ്‌ലി-അനുഷ്ക ശർമ, വിക്കി കൗശൽ-കത്രീന കൈഫ് തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളായിരിക്കും ഇനി അല്ലുവിന്റെ അയൽവാസികൾ. മൂന്ന് വർഷത്തെ ലീസ് കരാറിലാണ് ഈ ഫ്ലാറ്റ് എടുത്തിരിക്കുന്നത്. സ്കൂൾ അവധിക്കാലങ്ങളിൽ കുട്ടികളും അല്ലുവിനോടൊപ്പം മുംബൈയിൽ ഉണ്ടാകുമെന്നാണ് അടുത്ത ആളുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, അല്ലു അർജുൻ മുംബൈയിലേക്ക് സ്ഥിരമായി മാറുന്നു എന്ന വാർത്തകൾ അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത നിർമ്മാതാവുമായ അല്ലു അരവിന്ദ് നിഷേധിച്ചു. സിനിമയുടെ ചിത്രീകരണം മുംബൈയിൽ നടക്കുന്നതിനാലാണ് താരം അവിടെ താമസിക്കുന്നതെന്നും അല്ലുവിന്റെ ഹൃദയവും വീടും എന്നും ഹൈദരാബാദിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ദീപിക പദുകോൺ നായികയാകുന്ന 800 കോടി ബജറ്റിലൊരുങ്ങുന്ന ‘രാക്ക’യ്ക്ക് പുറമെ ലോകേഷ് കനകരാജ് ചിത്രവും മുംബൈയിൽ തന്നെയായിരിക്കും ചിത്രീകരിക്കുകയെന്നും സൂചനയുണ്ട്.
Allu Arjun leaves his luxurious house worth 100 crores; Will he move to a rented house? Allu Aravind responds!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





