തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗം വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് അന്തരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്ന സതീശൻ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. അപകടം നടന്ന ദിവസം മുതൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
വെടിക്കെട്ട് നിർമ്മാണ രംഗത്ത് 13 വർഷത്തെ പ്രവൃത്തിപരിചയമുള്ള സതീശൻ, തൃശ്ശൂർ പൂരത്തിന് വർണ്ണവിസ്മയം തീർക്കുന്നതിൽ പ്രധാനിയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയായി പ്രവർത്തിച്ചു വരികയായിരുന്നു. 2024-ലെ തൃശ്ശൂർ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്കായി ആദ്യമായി സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശന്റെ നേതൃത്വത്തിലായിരുന്നു. പിതാവ് മണിപാപ്പന്റെ വിയോഗത്തെത്തുടർന്നാണ് സതീശൻ ഈ രംഗത്തേക്ക് കടന്നുവന്നത്. തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ പല പൂരങ്ങൾക്കും വെടിക്കെട്ടൊരുക്കിയിരുന്നത് ഇദ്ദേഹമായിരുന്നു.
ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിനായി വെടിക്കെട്ട് ഒരുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് മുണ്ടത്തിക്കോട്ടെ നിർമ്മാണശാലയിൽ അപകടമുണ്ടായത്. സതീശന്റെ വിയോഗം വെടിക്കെട്ട് പ്രേമികൾക്കും നാട്ടുകാർക്കും വലിയ ആഘാതമായി. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പൂരത്തോടുള്ള ആവേശം കൈവിടാതെ ഈ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റ മറ്റ് ചിലർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Mundathikode fireworks accident: Thiruvambadi licensee Satheesan passes away; death toll rises to 15




