വാൻകൂവർ: ഡിജിറ്റൽ ലോകത്തെ പുതിയ ചതിക്കുഴികളെക്കുറിച്ച് മാതാപിതാക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി ഒരച്ഛൻ രംഗത്ത്. കാനഡയിലെ വാൻകൂവർ സ്വദേശിയായ ജേസൺ സൊക്കോളോവ്സ്കിയാണ് തന്റെ 16-ാം ജന്മദിനത്തിന് മൂന്ന് ദിവസം മുൻപ് ജീവനൊടുക്കിയ മകൾ പെനലോപ്പിയുടെ ദാരുണമായ അനുഭവം പങ്കുവെച്ചത്. ‘764’ എന്നറിയപ്പെടുന്ന ഓൺലൈൻ തീവ്രവാദ ശൃംഖലയുടെ ഇരയായിരുന്നു തന്റെ മകളെന്ന് ഇദ്ദേഹം വെളിപ്പെടുത്തുന്നു.
ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കുട്ടികളെ സ്വാധീനിച്ച് സ്വയം മുറിവേൽപ്പിക്കാനും അക്രമം പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന വികേന്ദ്രീകൃത ശൃംഖലയാണ് ‘764’. മിടുക്കിയായിരുന്ന തന്റെ മകൾ മൈൻക്രാഫ്റ്റ് (Minecraft), റോബ്ലോക്സ് (Roblox) തുടങ്ങിയ ഗെയിമുകളിലൂടെയാണ് ഈ ഗ്രൂപ്പിന്റെ വലയിലകപ്പെട്ടതെന്ന് ജേസൺ പറയുന്നു. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പാരന്റിംഗ് ആപ്പുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ എടുത്തിട്ടും ഈ ചതിക്കുഴി തിരിച്ചറിയാൻ വൈകിപ്പോയെന്ന് അദ്ദേഹം നിറകണ്ണുകളോടെ ഓർക്കുന്നു.
പെനലോപ്പിയുടെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടായ മാറ്റങ്ങളാണ് അപകടത്തിന്റെ ആദ്യ സൂചന നൽകിയത്. സ്കൂളിൽ പോകാൻ വിസമ്മതിക്കുകയും സ്വയം മുറിവേൽപ്പിക്കുകയും ചെയ്ത പെൺകുട്ടി, വീട്ടിലെ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കാനും മുതിർന്നു. ഈ ദൃശ്യങ്ങൾ ഗ്രൂപ്പിലെ അംഗങ്ങൾ ജേസണ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. കുട്ടികളെ അവരുടെ കുടുംബത്തിനും സമൂഹത്തിനും എതിരെ തിരിക്കുകയും ഒടുവിൽ ആത്മഹത്യയിലേക്കോ വലിയ അക്രമങ്ങളിലേക്കോ നയിക്കുകയുമാണ് ഇത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യം. മകളുടെ ആത്മഹത്യാശ്രമങ്ങൾ ‘ഡിസ്‌കോർഡ്’ (Discord) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ലൈവ് സ്ട്രീം ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്നും ജേസൺ സംശയിക്കുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2024 ഡിസംബറിൽ കാനഡ ‘764’ നെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഈ ഗ്രൂപ്പിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതിനും കുട്ടികളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതിനും ക്യൂബെക്കിൽ നിന്നുള്ള 26-കാരനായ ജെഫ്രി റൂസലിനെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറസ്റ്റ് ചെയ്തു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ കുട്ടികളെയാണ് ഈ സംഘം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
മദ്യത്തിനും മയക്കുമരുന്നിനും സമാനമായ ഭീഷണി ഇന്ന് സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ടെന്ന് ജേസൺ പറയുന്നു. കുട്ടികളുടെ ഓരോ ചലനവും നിരീക്ഷിക്കണമെന്നും ഓൺലൈൻ ലോകത്തെ അദൃശ്യ ശത്രുക്കൾ നമ്മുടെ സ്വീകരണമുറിയിൽ വരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സമാനമായ രീതിയിൽ ഓൺലൈൻ ഭീഷണി നേരിടുന്ന ഒട്ടേറെ കുട്ടികൾ ഇന്നും സഹായത്തിനായി തന്നെ സമീപിക്കുന്നുണ്ടെന്നും ജേസൺ വെളിപ്പെടുത്തി.
ശ്രദ്ധിക്കുക: മാനസികമായ വെല്ലുവിളികൾ നേരിടുന്നവർക്കും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർക്കും സഹായത്തിനായി വിവിധ ഹെൽപ്പ് ലൈൻ നമ്പറുകൾ ലഭ്യമാണ്. കേരളത്തിൽ ‘ദിശ’ ഹെൽപ്പ് ലൈൻ (1056) വഴിയും മൈത്രി (0484 2540501) വഴിയും സഹായം തേടാവുന്നതാണ്.
'Death trap' on social media; Terrorist group targeting teenagers, father warns
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




