ഒന്റാറിയോ: വീടിന് പുറത്തെ കുറ്റിച്ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ക്യാമറ കണ്ടെത്തിയ സംഭവത്തിൽ മിൽട്ടൺ നിവാസികൾക്ക് ഹാൽട്ടൺ പോലീസിന്റെ അതീവ ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ ആഴ്ചയാണ് ഒരു വീട്ടുടമസ്ഥൻ തന്റെ പറമ്പിലെ കുറ്റിച്ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ട്രയൽ ക്യാമറയും ബാറ്ററി പാക്കും കണ്ടെത്തിയത്. കവർച്ചാ സംഘങ്ങൾ വീടുകൾ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന പുതിയ തന്ത്രമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു.
മിൽട്ടണിലെ ഒരു വസതിയിലാണ് ക്യാമോഫ്ലാഷ് ടേപ്പ് (മറയ്ക്കാനുപയോഗിക്കുന്ന പ്രത്യേകതരം ടേപ്പ്) ഉപയോഗിച്ച് പൊതിഞ്ഞ നിലയിൽ ക്യാമറയും ബാറ്ററിയും കണ്ടെത്തിയത്. അയൽപക്കത്തെ വീടുകൾ വ്യക്തമായി കാണാവുന്ന രീതിയിലായിരുന്നു ക്യാമറ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരുടെ ദിനചര്യകൾ മനസ്സിലാക്കാനും വീട് എപ്പോഴൊക്കെയാണ് ഒഴിഞ്ഞുകിടക്കുന്നത് എന്ന് തിരിച്ചറിയാനുമാണ് ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ ക്രിമിനലുകൾ ഉപയോഗിക്കുന്നത്.
കാലാവസ്ഥ മാറുന്നതോടെ (Warm weather) ജനങ്ങൾ പുറത്തിറങ്ങുന്നതും യാത്രകൾ പോകുന്നതും വർധിക്കുന്ന സാഹചര്യത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള കവർച്ചകൾ കൂടാൻ സാധ്യതയുണ്ടെന്ന് പോലീസ് വക്താവ് അറിയിച്ചു. “വാസസ്ഥലങ്ങളിൽ ആളുകളുടെ സാന്നിധ്യം നിരീക്ഷിക്കാനാണ് ഇത്തരം കാമഫ്ലാഷ് ക്യാമറകൾ ഉപയോഗിക്കുന്നത്. സ്പ്രിംഗ് ക്ലീനിംഗ് നടത്തുന്ന സമയത്തോ മറ്റ് പണികൾക്കായി മുറ്റത്ത് ഇറങ്ങുമ്പോഴോ ഇത്തരത്തിലുള്ള അസ്വാഭാവികമായ ഉപകരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണം,” പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
മാർച്ച് മാസത്തിൽ യോർക്ക് റീജിയണൽ പോലീസും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. വോൺ (Vaughan) മേഖലയിലെ താമസസ്ഥലങ്ങളിൽ മരങ്ങൾക്കും ചെടികൾക്കും ഇടയിൽ ഒളിപ്പിച്ച നിലയിൽ ക്യാമറകൾ കണ്ടെത്തിയിരുന്നു. ഇത്തരം ഉപകരണങ്ങൾ കണ്ടെത്തിയാൽ അവയിൽ സ്പർശിക്കരുതെന്നും ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കണമെന്നുമാണ് നിർദ്ദേശം. വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ നഷ്ടപ്പെടാതിരിക്കാനാണ് ഉപകരണം നീക്കം ചെയ്യുന്നതിൽ നിന്ന് താമസക്കാരെ വിലക്കുന്നത്.
Camera and battery pack covered in camouflage tape; New strategy of robbery gangs revealed in Milton, alert issued
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




