ന്യൂയോർക്ക്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി (JFK) രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമേരിക്കൻ എയർലൈൻസിന്റെ പ്രാദേശിക വിമാനവും എയർ കാനഡ എക്സ്പ്രസ് വിമാനവുമാണ് ആകാശത്ത് വെച്ച് നേർക്കുനേർ വന്നത്. പൈലറ്റുമാരുടെയും എയർ ട്രാഫിക് കൺട്രോളർമാരുടെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തമാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഭവം. അമേരിക്കൻ എയർലൈൻസിനായി സർവീസ് നടത്തുന്ന റിപ്പബ്ലിക് എയർവേസ് വിമാനം അതിന്റെ നിശ്ചിത പാതയിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്. ഈ സമയം സമാന്തര റൺവേയിൽ ലാൻഡിംഗിന് തയ്യാറെടുക്കുകയായിരുന്നു എയർ കാനഡ എക്സ്പ്രസ് വിമാനം. അമേരിക്കൻ വിമാനം പാത തെറ്റി എയർ കാനഡ വിമാനത്തിന് നേരെ നീങ്ങിയതോടെ നിയന്ത്രണ കേന്ദ്രത്തിൽ അപായസൂചന മുഴങ്ങി.
വിമാനങ്ങൾ തമ്മിൽ ലംബമായി വെറും 350 അടി അകലം മാത്രമുള്ളപ്പോഴാണ് എയർ ട്രാഫിക് കൺട്രോളർമാർ (ATC) ഇടപെട്ടത്. അപകടം മണത്ത കൺട്രോളർമാർ എയർ കാനഡ വിമാനത്തോട് ഉടൻ തന്നെ ലാൻഡിംഗ് ഒഴിവാക്കി 3,000 അടി ഉയരത്തിലേക്ക് പറന്നുയരാൻ (Emergency Climb) നിർദ്ദേശം നൽകി. ഇരു വിമാനങ്ങളിലെയും കൊളീഷൻ വാണിംഗ് സംവിധാനങ്ങൾ (TCAS) കൃത്യസമയത്ത് പ്രവർത്തിച്ചു. തിരശ്ചീനമായി ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൂരമാണ് വിമാനങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്.
നിയന്ത്രണം വീണ്ടെടുത്ത ശേഷം രണ്ട് വിമാനങ്ങളും പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തിൽ ഉണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Close call at JFK Airport as two regional jets come dangerously close




