തൃശൂർ : തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന പുരയിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ അപകടമുണ്ടായത്. ലൈസൻസിയായ സതീഷ് ഉൾപ്പെടെ നാൽപതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്.
തിരുവമ്പാടിയുടെ സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി സൂക്ഷിച്ചിരുന്ന കരിമരുന്നിനാണ് തീപിടിച്ചത്. ആദ്യ സ്ഫോടനത്തിന് പിന്നാലെ തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതോടെ പ്രദേശം യുദ്ധക്കളത്തിന് സമാനമായി. അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താനും കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ എത്തിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സ്ഥിതിഗതികൾ വിലയിരുത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. തൃശൂർ ഡിഐജിയോട് അടിയന്തരമായി സംഭവസ്ഥലത്തെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഫോടനമുണ്ടായ സ്ഥലത്ത് ഇപ്പോഴും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ ദാരുണ സംഭവം തൃശൂരിനെ നടുക്കിയിരിക്കുകയാണ്.
Massive explosion at a fireworks display in Mundathikode, Thrissur; Three people killed, around forty injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





