ഒട്ടാവ : വർദ്ധിച്ചുവരുന്ന ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിൽ കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാൻ ഏകദേശം 30 ശതമാനം സാധ്യതയുണ്ടെന്ന് മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ സ്റ്റീഫൻ പോളോസ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത സിടിവി ക്വസ്റ്റ്യൻ പീരിയഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിരീക്ഷണങ്ങൾ നടത്തിയത്.
ഹോർമുസ് കടലിടുക്കിലെ ഉപരോധങ്ങളും ഉൽപ്പാദന കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളും ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നതായി സ്റ്റീഫൻ പോളോസ് വ്യക്തമാക്കി. ഇന്ധനവില കുതിച്ചുയരുന്നതിനൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ കാനഡയുടെ സാമ്പത്തിക വളർച്ച ഒരു ശതമാനത്തിൽ മാത്രമാണെന്ന് അദ്ദേഹം വിലയിരുത്തി.
പശ്ചിമേഷ്യൻ സംഘർഷം തുടരുകയാണെങ്കിൽ ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഈ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റീഫൻ പോളോസിന്റെ പ്രതികരണം പുറത്തുവരുന്നത്. കാനഡ ഒരു പ്രധാന എണ്ണ കയറ്റുമതി രാജ്യമായതിനാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പ്രതിസന്ധിയെ നേരിടാൻ അല്പം കൂടുതൽ കരുത്തുണ്ടാകുമെന്നും എന്നാൽ മാന്ദ്യത്തിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി പെട്രോളിന്റെ നികുതി ഘടനയിൽ മാറ്റം വരുത്തുന്നത് ഹ്രസ്വകാലത്തേക്ക് ഗുണകരമാകുമെന്ന് പോളോസ് നിർദ്ദേശിച്ചു. അമേരിക്കൻ താരിഫുകളെ നേരിടാൻ പുതിയ വിപണികൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജ മേഖലയുടെ വിപുലീകരണവും പ്രതിരോധ വ്യവസായത്തിന് നൽകുന്ന പ്രോത്സാഹനവും നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിലെ വിവിധ മേഖലകളെയും കുടുംബങ്ങളെയും കമ്പനികളെയും ഈ പ്രതിസന്ധി വ്യത്യസ്ത രീതിയിലാകും ബാധിക്കുകയെന്നും അദ്ദേഹം വിലയിരുത്തി.
Former central bank governor says Canada has 30% chance of recession
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



