രോഗികളുടെ എണ്ണം 572 ആയി, ഒരാഴ്ചയിൽ 102 പുതിയ കേസുകൾ
ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ അഞ്ചാംപനി രോഗം തുടർച്ചയായി വ്യാപിക്കുന്നതിന്റെ ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സ്ഥിരീകരിച്ചതും സംശയിക്കപ്പെടുന്നതുമായ രോഗബാധിതരുടെ എണ്ണം 572 ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ മാത്രം 102 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 42 പേർ ആശുപത്രിയിൽ ചികിത്സയിലാണ്, അതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഈ രോഗവ്യാപനം പ്രധാനമായും തെക്കുപടിഞ്ഞാറൻ ഒന്റാരിയോ, ഗ്രാൻഡ് എറി എന്നീ പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും, വാട്ടർലൂ, ലാംബ്ടൺ, ചാഥം-കെന്റ് (നിലവിൽ 39 കേസുകൾ), ഹ്യൂറൺ പെർത്ത് (55 കേസുകൾ) എന്നീ പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ഒന്റാരിയോയിൽ മാത്രമല്ല, കാനഡയിലെ മറ്റ് പ്രവിശ്യകളിലും അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആൽബർട്ടയിൽ 18 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, അതിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണ്. ക്വിബെക്കിൽ കേസുകൾ സ്ഥിരമായി ഉയരുന്നു, അവിടെ 40 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വിദഗ്ധർ ജനങ്ങളോട് മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
അഞ്ചാംപനി അതിതീവ്രമായി പകരുന്ന ഒരു വൈറസ് രോഗമാണ്. രോഗാണുവിന് വായുവിലോ പ്രഥലങ്ങളിലോ രണ്ട് മണിക്കൂർ വരെ സജീവമായി നിലനിൽക്കാൻ കഴിയും എന്നത് ഈ രോഗത്തിന്റെ വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു. ചിലപ്പോൾ ഈ രോഗം ന്യുമോണിയ, മസ്തിഷ്ക വീക്കം പോലുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കാം. പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ആരോഗ്യ പ്രവർത്തകർ, എല്ലാവരും നിർദ്ദിഷ്ട കുത്തിവയ്പ്പുകൾ സമയബന്ധിതമായി എടുക്കണമെന്ന് അഭ്യർഥിക്കുന്നു, പ്രത്യേകിച്ച് ഇത്തരം രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ.



