ടൊറന്റോ: ലോകകപ്പ് മത്സരങ്ങൾക്കായി ടൊറന്റോയിലെത്തുന്ന ആരാധകർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ വിപുലമായ പദ്ധതികൾ ടിടിസി (Toronto Transit Commission) പുറത്തിറക്കി. മത്സരദിവസങ്ങളിൽ അധിക സർവീസുകൾ, എക്സ്പ്രസ് ബസ് ഷട്ടിലുകൾ, രാത്രി വൈകിയുള്ള സബ്‌വേ ട്രെയിനുകൾ എന്നിവ ഏജൻസി ലഭ്യമാക്കും. ലോകകപ്പ് വേളയിൽ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിച്ചു വരികയാണെന്നും ഏജൻസി വ്യക്തമാക്കി.
ജൂൺ 11 മുതൽ ജൂലൈ 19 വരെ ടൊറന്റോ ആതിഥേയത്വം വഹിക്കുന്ന ആറ് മത്സരങ്ങൾക്കായി എത്തുന്നവർക്ക് പുറമെ, നഗരത്തിലെ ഫാൻ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കും ഈ സേവനങ്ങൾ പ്രയോജനപ്പെടും. തിരക്കേറിയ റൂട്ടുകളിൽ സിഗ്നൽ മുൻഗണന നൽകുമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ടിടിസി ചീഫ് സ്ട്രാറ്റജി ഓഫീസർ ജോഷ് കോളെ അറിയിച്ചു. ഫ്ലീറ്റ് സ്ട്രീറ്റിൽ താൽക്കാലിക സ്ട്രീറ്റ് കാർ പ്ലാറ്റ്‌ഫോമുകളും സൗകര്യങ്ങളുമുള്ള പുതിയ ട്രാൻസിറ്റ് ഹബ്ബ് ഈ മാസം അവസാനം നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരക്ക് നിയന്ത്രിക്കുന്നതിനായി ലൈൻ 1, ലൈൻ 2 സബ്‌വേകളിൽ അധിക ട്രെയിനുകൾ സർവീസ് നടത്തും. മത്സരങ്ങൾ നീണ്ടുപോയാൽ അവസാന ട്രെയിനുകളുടെ സമയം രാത്രി 1:30-ന് ശേഷവും നീട്ടാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ ബാഥർസ്റ്റ്, ഡഫറിൻ, ഹാർബർ ഫ്രണ്ട് തുടങ്ങിയ പ്രധാന റൂട്ടുകളിൽ അധിക ബസ്-സ്ട്രീറ്റ് കാർ സേവനങ്ങളും എക്സ്പ്രസ് ഷട്ടിലുകളും ഏർപ്പെടുത്തും. ഗതാഗതം സുഗമമാക്കാൻ പോലീസ്, ട്രാഫിക് വാർഡൻമാർ എന്നിവരുടെ സഹായത്തോടെ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ടിടിസി അറിയിച്ചു.
Toronto in World Cup fever; TTC’s ‘mega’ travel plan for fans
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



