കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പായ ‘ഇൻസ്റ്റാ പേ’ക്കെതിരെ ചക്കരക്കൽ പൊലീസ് കേസെടുത്തു. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ലോൺ ആപ്പിൽ നിന്നുള്ള സമ്മർദ്ദം നിതിന്റെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.
15,000 രൂപയാണ് നിതിൻ ആപ്പിൽ നിന്നും ലോണായി എടുത്തിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ നിതിന്റെ അമ്മയും അധ്യാപികയുമായ ലതയുടെ ഫോണിലേക്ക് ലോൺ കമ്പനിയിൽ നിന്ന് കോളുകൾ വന്നിരുന്നു. ഇതേത്തുടർന്ന് പ്രിൻസിപ്പൽ നിതിനെ ചേംബറിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിതിൻ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. സംഭവത്തിന് ശേഷം ലത നൽകിയ പരാതി സൈബർ സെല്ലിൽ നിന്നും ചക്കരക്കൽ പൊലീസിന് കൈമാറുകയായിരുന്നു.
അതേസമയം, നിതിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ കേസെടുത്തിരുന്ന വകുപ്പ് മേധാവി ഡോ. എം.കെ. റാം, അധ്യാപിക സംഗീത എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വകുപ്പ് മേധാവി റാം നിറത്തിന്റെയും ജാതിയുടെയും പേരിൽ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും ഇന്റേണൽ മാർക്കിനെ ചൊല്ലി മാനസികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.
കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് മാനേജ്‌മെന്റ് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കോളേജിൽ ക്ലാസുകൾ പുനരാരംഭിക്കും. മരിച്ച ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ നിതിൻ കെട്ടിടത്തിൽ നിന്നും വീണുവെന്ന് മാത്രമാണ് അധ്യാപിക വിളിച്ച് പറഞ്ഞതെന്നും, മരണവിവരം മറച്ചുവെച്ചുവെന്നും കുടുംബത്തിന് പരാതിയുണ്ട്. സൈബർ പീഡനത്തിനൊപ്പം കോളേജിലെ അധ്യാപകരുടെ മാനസിക പീഡനവും മരണത്തിന് കാരണമായെന്നാണ് പോലീസ് നിഗമനം.
Nithin’s death: Police register case against ‘InstaPay’ loan app; FIR says he was threatened for repayment
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



