ഒട്ടാവ: കാനഡയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിവാര വായ്പാ പരിധി വർധിപ്പിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. 2026–2027 അക്കാദമിക് വർഷത്തേക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡയാണ് (ESDC) പുതിയ ഉത്തരവ് പുറത്തിറക്കിയത്.
നിലവിൽ ആഴ്ചയിൽ 210 ഡോളറായിരുന്ന വായ്പാ പരിധി 300 ഡോളറായാണ് ഉയർത്തിയത്. ഇതോടെ 34 ആഴ്ചയുള്ള ഒരു അക്കാദമിക് വർഷത്തിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരമാവധി തുക 7,140 ഡോളറിൽ നിന്ന് 10,200 ഡോളറായി വർധിക്കും. 43 ശതമാനത്തിന്റെ വർധനവാണ് ലോൺ തുകയിൽ ഉണ്ടായിരിക്കുന്നത്. താഴ്ന്ന, ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രാന്റുകളിൽ 40 ശതമാനം വർധന നിലനിർത്താനും തീരുമാനമായി. ഏകദേശം 5.71 ലക്ഷം വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഗ്രാന്റുകൾ തിരിച്ചടയ്ക്കേണ്ടതില്ല എന്നത് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. കൂടാതെ, 2023 മുതൽ പ്രാബല്യത്തിലുള്ള പലിശരഹിത വായ്പാ പദ്ധതി തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യാൻ തയ്യാറുള്ള ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ, സോഷ്യൽ വർക്കർമാർ എന്നിവർക്ക് സർക്കാർ ഒരുക്കുന്ന വലിയൊരു സഹായമാണിത്. ഇവർ എടുത്ത സ്റ്റുഡന്റ് ലോൺ തുക മുഴുവനായി തിരിച്ചടയ്ക്കേണ്ടി വരില്ല. പകരം ഒരു നിശ്ചിത തുക സർക്കാർ ‘മാപ്പ്’ നൽകും (അതായത് ആ തുക പിന്നെ അടയ്ക്കേണ്ടതില്ല).
യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി 1.75 ലക്ഷം തൊഴിലവസരങ്ങളും പരിശീലന പദ്ധതികളും സർക്കാർ ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 20 മുതൽ ഈ തൊഴിൽ പദ്ധതികൾ ലഭ്യമായി തുടങ്ങും. കാനഡയിലെ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും (PR) മാത്രമാണ് ഈ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളത്. അർഹരായ വിദ്യാർത്ഥികൾക്ക് പ്രവിശ്യകളുടെ സ്റ്റുഡന്റ് എയ്ഡ് വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Relief for students; Student loan limit increased, ESDC issues new order



