ഒന്റാറിയോ: കാനഡയിൽ പുതിയ വാഹനങ്ങൾ വാങ്ങിയവർക്കും ലീസിനെടുത്തവർക്കും ഏകദേശം 50 ദശലക്ഷം ഡോളറിന്റെ (5 കോടി ഡോളർ) വമ്പൻ ആനുകൂല്യം ലഭിക്കാൻ വഴിതെളിയുന്നു. 1998 നും 2017 നും ഇടയിൽ വാഹനം സ്വന്തമാക്കിയ ലക്ഷക്കണക്കിന് ആളുകൾക്ക് ഈ തുകയുടെ വിഹിതം ലഭിക്കാനാണ് സാധ്യത. വാഹന നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങളുടെ (Auto Parts) വില കൃത്രിമമായി വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ സെറ്റിൽമെന്റ് തുക വിതരണം ചെയ്യുന്നത്.
രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന വിലക്കയറ്റ ഗൂഢാലോചനയെത്തുടർന്ന് കാനഡയിലെ കോടതികളിൽ ഫയൽ ചെയ്ത ഗ്രൂപ്പ് ഹർജികളിലാണ് (Class-action lawsuits) ഇപ്പോൾ നിർണ്ണായക പുരോഗതി ഉണ്ടായിരിക്കുന്നത്. ബിഎംഡബ്ല്യു, ഫോർഡ്, ഹ്യുണ്ടായ്, കിയ, മെഴ്സിഡസ് ബെൻസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ കാനഡയിലെ ഉടമകൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില നിശ്ചയിക്കൽ ഗൂഢാലോചനകളിൽ ഒന്നാണിതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാഹനങ്ങളിലെ എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ, ഡോർ ലാച്ചുകൾ, ഷോക്ക് അബ്സോർബറുകൾ തുടങ്ങി 45 ഓളം അനുബന്ധ ഭാഗങ്ങളുടെ വിലയിൽ നിർമ്മാതാക്കൾ കൃത്രിമം കാണിച്ചു എന്നതാണ് കേസിനാസ്പദമായ വിഷയം. ഇതിനകം 104 മില്യൺ ഡോളർ കാനഡയിൽ വിതരണം ചെയ്തുകഴിഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 50 മില്യൺ ഡോളർ, നേരത്തെ നഷ്ടപരിഹാരത്തിന് അർഹതയില്ലാതിരുന്ന പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാം ഘട്ടവും അവസാന ഘട്ടവുമായ വിതരണമാണ്.
അർഹരായ വാഹന ബ്രാൻഡുകളും കാലയളവും താഴെ പറയുന്നവയാണ്:
ബിഎംഡബ്ല്യു/മിനി കൂപ്പർ: ഡിസംബർ 5, 2014 – മെയ് 31, 2017
ഫോർഡ്/ലിങ്കൺ/മെർക്കുറി: ഓഗസ്റ്റ് 1, 2015 – മെയ് 31, 2017
ഹ്യുണ്ടായ്/കിയ: ജനുവരി 1, 2007 – മെയ് 31, 2016
മെഴ്സിഡസ് ബെൻസ്/സ്മാർട്ട്: നവംബർ 29, 2004 – മെയ് 31, 2017
മിത്സുബിഷി: ജൂലൈ 1, 1998 – ജൂലൈ 31, 2015
സുസുക്കി: ജൂലൈ 1, 1998 – മെയ് 31, 2016
പതിനൊന്ന് ലക്ഷത്തോളം കനേഡിയൻ പൗരന്മാർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അർഹരായ വ്യക്തിഗത ക്ലെയിമുകൾക്ക് കുറഞ്ഞത് 25 ഡോളർ ലഭിക്കും. ഒന്നിലധികം വാഹനങ്ങളുള്ളവർക്കും വലിയ വാഹനശേഖരമുള്ള ഡീലർമാർക്കും ഇതിലും വലിയ തുക ലഭിക്കാൻ അർഹതയുണ്ട്. ഓൺലൈൻ മുഖേന ക്ലെയിം സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 12 ആണ്.
ഈ സംഭവത്തിൽ വാഹന നിർമ്മാതാക്കൾ നേരിട്ട് തെറ്റ് ചെയ്തതായി ആരോപിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനികളാണ് വിലയിൽ കൃത്രിമം കാണിച്ചതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സിസ്‌കിൻഡ്‌സ് എൽഎൽപി (Siskinds LLP) വ്യക്തമാക്കി. തങ്ങളുടെ വാഹനത്തിന്റെ മോഡലും വർഷവും പരിശോധിച്ച് ഔദ്യോഗിക വെബ്സൈറ്റ് വഴി നഷ്ടപരിഹാരത്തിനായി കാനഡയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
Compensation worth crores for vehicle owners in Canada: Here's how to apply



