തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കി കേരളം കാത്തിരിക്കെ, യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ സമ്മാനം പ്രഖ്യാപിച്ചു. ഫൗണ്ടേഷൻ ചെയർമാൻ കാച്ചാണി സനിൽ ആണ് 5001 രൂപയുടെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ കെ. മുരളീധരന്റെ വിജയം ഉറപ്പാണെന്ന യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസമാണ് ഇത്തരമൊരു വേറിട്ട പ്രഖ്യാപനത്തിന് പിന്നിലുള്ളത്.
അതേസമയം, വികസനത്തുടർച്ച വോട്ടായി മാറുമെന്നും വട്ടിയൂർക്കാവ് ഇടതിനൊപ്പം തന്നെ നിൽക്കുമെന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന്റെ പ്രതികരണം. രാഷ്ട്രീയ വോട്ടുകൾക്ക് പുറമെ സിറ്റിംഗ് എംഎൽഎ എന്ന നിലയിലുള്ള വ്യക്തിപരമായ സ്വാധീനവും തുണയ്ക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മണ്ഡലത്തിൽ ബിജെപി നിശബ്ദമായിരുന്നുവെന്നും, ബിജെപിക്ക് പോയിരുന്ന വോട്ടുകൾ ഇത്തവണ വികസന കാര്യങ്ങൾ മുൻനിർത്തി തനിക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
കെ. മുരളീധരൻ മന്ത്രിയാകുമെന്ന പ്രചാരണത്തെ മുൻനിർത്തിയാണ് യുഡിഎഫ് വോട്ട് തേടിയത്. എന്നാൽ ഇത്തരം പ്രചാരണങ്ങളിൽ പ്രസക്തിയില്ലെന്നാണ് എൽഡിഎഫിന്റെ നിലപാട്. മുൻ ഡിജിപി ആർ. ശ്രീലേഖ എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി വട്ടിയൂർക്കാവ് മാറിയിരുന്നു. വോട്ടെണ്ണൽ ദിനത്തിൽ പ്രവചനങ്ങൾ ഫലിക്കുമോ എന്നും തെന്നല ഫൗണ്ടേഷന്റെ സമ്മാനം ആര് നേടുമെന്നും അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
Prediction contest in Vattiyoorkavu; Those who correctly predict K. Muraleedharan’s majority will be awarded Rs. 5001
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



