ബ്രിട്ടീഷ് കൊളംബിയ: ഫെഡറൽ ഗവൺമെന്റിന്റെ ഗൺ ബൈബാക്ക് (Firearm Buyback) പദ്ധതിയുടെ ഭാഗമായി നിരോധിച്ച ആയുധങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർക്ക് കർശന നിർദ്ദേശവുമായി ബി.സി. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) രംഗത്തെത്തി. നിയമവിരുദ്ധമായ അസോൾട്ട് സ്റ്റൈൽ തോക്കുകളുമായി നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നത് അപകടകരമാണെന്നും ഇത് നിയമനടപടികൾക്ക് കാരണമാകുമെന്നും അപ്പർ ഫ്രേസർ വാലി ഡിറ്റാച്ച്മെന്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വ്യക്തികൾ നിരോധിച്ച തോക്കുകളുമായി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയതിനെ തുടർന്നാണ് ഈ അടിയന്തര അറിയിപ്പ് പുറപ്പെടുവിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അല്ലെങ്കിൽ കൃത്യമായ രജിസ്ട്രേഷൻ ഇല്ലാതെ ഇത്തരം ആയുധങ്ങളുമായി പൊതുസ്ഥലത്തോ പോലീസ് സ്റ്റേഷനിലോ എത്തുന്നത് ഗൗരവകരമായ ക്രിമിനൽ കുറ്റമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഗവൺമെന്റ് പദ്ധതി പ്രകാരം ആയുധങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കാതെ സ്റ്റേഷനിലേക്ക് വരരുത്. പകരം പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ആയുധങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങളും അപ്പോയിന്റ്മെന്റും അധികൃതർ നേരിട്ട് നൽകുന്നതാണ്.
മാർച്ച് 31-നകം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ തോക്കുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരുകാരണവശാലും അവ സ്റ്റേഷനിലേക്ക് നേരിട്ട് കൊണ്ടുവരരുത്. ഇത്തരം സാഹചര്യങ്ങളിൽ പ്രാദേശിക പോലീസിന്റെ നോൺ-എമർജൻസി നമ്പറിൽ വിളിച്ച് ആവശ്യമായ നിയമോപദേശം തേടുകയാണ് വേണ്ടത്. 2020 മെയ് മുതൽ ഏകദേശം 2,500 തരം തോക്കുകൾക്കാണ് കാനഡയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ AR-15, Ruger Mini-14 തുടങ്ങിയ മാരകായുധങ്ങളും ഉൾപ്പെടുന്നു.
നിരോധിച്ച ആയുധങ്ങൾ കൈവശം വച്ചിട്ടുള്ളവർക്ക് അവ സർക്കാരിന് കൈമാറി നഷ്ടപരിഹാരം വാങ്ങാൻ ഒക്ടോബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. തോക്കിന്റെ മോഡലും ഗുണനിലവാരവും അനുസരിച്ച് 150 ഡോളർ മുതൽ 10,000 ഡോളർ വരെ നഷ്ടപരിഹാരമായി ഉടമകൾക്ക് ലഭിക്കും. ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം ഏകദേശം 15,600 തോക്കുകൾ ഇതുവരെ പദ്ധതിക്കായി ഡിക്ലയർ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. നിയമം ലംഘിച്ചുള്ള ആയുധക്കൈമാറ്റം ഒഴിവാക്കാൻ മലയാളി ഉൾപ്പെടെയുള്ള കുടിയേറ്റ സമൂഹം പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
B.C. RCMP issue warning after ‘several’ illegal assault-style firearms brought to detachment



