മോൺട്രിയൽ: കാനഡയിൽ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്ന കാര്യത്തിൽ ഫെഡറൽ ലിബറൽ പാർട്ടി ധാരണയിലെത്തി. ശനിയാഴ്ച രാവിലെ മോൺട്രിയലിൽ നടന്ന പാർട്ടി സമ്മേളനത്തിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നതിനുള്ള പ്രായം 16 വയസ്സായി നിശ്ചയിക്കണമെന്ന നിർദ്ദേശം ഗ്രാസ്റൂട്ട്സ് അംഗങ്ങൾ അംഗീകരിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രമേയം പാർട്ടിയിലുള്ള ഗ്രാസ്റൂട്ട്സ് അംഗങ്ങൾ വോട്ടെടുപ്പിലൂടെയാണ് പാസാക്കിയത്. കൂടാതെ, പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇനി സോഷ്യൽ മീഡിയ കമ്പനികൾക്കായിരിക്കും. പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുടെ പ്രായം പരിശോധിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കമ്പനികൾ വിട്ടുവീഴ്ച വരുത്തരുതെന്നാണ് പ്രമേയത്തിലെ പ്രധാന നിർദ്ദേശം.
സോഷ്യൽ മീഡിയയുടെ ദീർഘകാല ഉപയോഗം യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി ക്യുബെക്ക് എംപി റേച്ചൽ ബെൻഡയൻ പറഞ്ഞു. സാങ്കേതികവിദ്യയുടെ അമിതമായ സ്വാധീനത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ കമ്പനികൾക്ക് കൂടുതൽ ബാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ കാനഡയിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബറിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പ്രായപരിധി ഏർപ്പെടുത്തിയ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയിരുന്നു. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ വൻതുക പിഴ ചുമത്തുന്ന രീതിയാണ് അവിടെയുള്ളത്. ഇതിന് സമാനമായ നീക്കങ്ങളിലേക്കാണ് ഇപ്പോൾ കാനഡയും നീങ്ങുന്നത്. പ്രാഥമിക തീരുമാനമായതിനാൽ നിയമപരമായ തുടർനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Social media now restricted to those over 16; Canada to restrict access



