ചെന്നൈ: ഐ പി എൽ-ലിലെ ആവേശകരമായ പോരാട്ടത്തിൽ സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23 റൺസിനാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ, സഞ്ജുവിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്താകേണ്ടി വന്നു.
56 പന്തിൽ നിന്ന് 15 ഫോറും 4 സിക്സറുമടക്കം 115 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിനെ കൂടാതെ 59 റൺസെടുത്ത ആയുഷ് മാത്രെയും ചെന്നൈ ബാറ്റിംഗിൽ തിളങ്ങി. ഡൽഹിക്കായി 60 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സ് പൊരുതി നോക്കിയെങ്കിലും മറ്റ് ബാറ്റർമാർ പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. നാല് വിക്കറ്റ് വീഴ്ത്തിയ ജാമി ഓവർട്ടണും മൂന്ന് വിക്കറ്റെടുത്ത അൻഷുൽ കാംബോജും ചെന്നൈക്കായി ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
സീസണിലെ ആദ്യ വിജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് അക്കൗണ്ട് തുറന്നു. പരിക്കേറ്റ എം.എസ്. ധോണി ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര ചെന്നൈക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണ് ഇന്ന് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. തോൽവിയോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ പിന്നിലായി. വരും മത്സരങ്ങളിൽ ബൗളിംഗിലും ബാറ്റിംഗിലും കൂടുതൽ ശ്രദ്ധ നൽകിയാൽ മാത്രമേ ഡൽഹിക്ക് ടൂർണമെന്റിലേക്ക് തിരിച്ചു വരാൻ സാധിക്കൂ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Thirumbi Vanthitten Soll! Chennai Super Kings on the strength of Sanju; First win of IPL 2026



